പത്തനാപുരം: മുഴുപ്പട്ടിണിയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്കും മകനും ആശ്രയമായി ഗാന്ധിഭവൻ. ചിറക്കര സ്വദേശി കൃഷ്ണമ്മ(61)യെയും ശരത്തിനെയുമാണ് (22) പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തത്. ഇരുവരും ബുദ്ധിവൈകല്യമുള്ളവരാണ്. കൃഷ്ണമ്മയുടെ രണ്ട് ഇരട്ടക്കുട്ടികളിൽ ഒരാളാണ് ശരത്. മകൾ ശരണ്യ (22) ചടയമംഗലത്ത് ഭിന്നശേഷിയുള്ളവർക്ക് വേണ്ടിയുള്ള സ്ഥാപനത്തിൽ കഴിയുന്നു. സഹോദരന്റെ വീട്ടിൽ കഴിഞ്ഞിരുന്ന കൃഷ്ണമ്മയും മക്കളും കൊവിഡ് പ്രതിസന്ധിയിൽ സഹോദരന് ജോലി നഷ്ടപ്പെട്ടതോടെ മുഴുപട്ടിണിയിലായി. ഇതറിഞ്ഞ് കുറച്ച് ദിവസങ്ങളായി പഞ്ചായത്തിന്റെ ജനകീയ ഹോട്ടലിൽ നിന്ന് ഇവർക്ക് പഞ്ചായത്ത് അംഗങ്ങൾ ഭക്ഷണം എത്തിച്ചുനൽകുകയായിരുന്നു. സഹോദരനിൽ നിന്നുള്ള മാനസിക ശാരീരിക പീഡനങ്ങളും പട്ടിണിയും കാരണം കൃഷ്ണമ്മയ്ക്കും മക്കൾക്കും മറ്റൊരു ആശ്രയമില്ലാതെ വന്നപ്പോൾ സാമൂഹ്യനീതി ജില്ലാ ഓഫീസർ കെ.കെ. ഉഷയുടെ ശുപാർശയിൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി, വാർഡ് മെമ്പർ വിനിത ദിപു, സി.ഡി.പി.ഒ. എൽ. രഞ്ജിനി എന്നിവർ ചേർന്ന് അമ്മയെയും മകനെയും ഗാന്ധിഭവനിലെത്തിച്ചു. കൃഷ്ണമ്മയും ശരത്തും ഇപ്പോൾ ഗാന്ധിഭവനിലെ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പുനരധിവാസകേന്ദ്രത്തിൽ പരിചരണത്തിലാണ്.