കൊല്ലം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചെങ്കിലും എവിടെയും മാലിന്യം കണ്ടെത്താനായില്ലെന്ന് എൽ.ആർ തഹസിൽദാർ കളക്ടറുടെ കൊവിഡ് അവലോകന യോഗത്തിൽ അറിയിച്ചു. അതേസമയം, ഒരു റവന്യു ഉദ്യോഗസ്ഥൻ പോലും ഇന്നലെ നഗരത്തിൽ മാലിന്യ പരിശോധനയ്ക്ക് ഇറങ്ങിയില്ലെന്നാണ് റവന്യു ജീവനക്കാരുടെ സംഘടനാ നേതാക്കൾ പറയുന്നത്.
നഗരസഭ മാലിന്യ സംസ്കരണത്തിൽ നിരന്തരം പരാജയപ്പെട്ടതിനാൽ ഇന്നലെ മുതൽ ഉത്തരവാദിത്വം തഹസീൽദാരെ ഏൽപ്പിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. അധികാരപരിധിയിൽ കൈകടത്തുന്നതായി ആരോപിച്ച് ഉത്തരവിന് പിന്നാലെ മേയർ രംഗത്ത് വന്നു. തൊട്ടുപിന്നാലെ മാലിന്യ സംസ്കരണം തങ്ങളുടെ ചുമതലയല്ലെന്ന് പറഞ്ഞ് റവന്യു ജീവനക്കാർ കളക്ടർക്കെതിരെ തിരിഞ്ഞു. അതേസമയം, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കൊല്ലം തഹസീൽദാർ അവധിയെടുക്കുകയും ചുമതല എൽ.ആർ തഹസിൽദാർക്ക് കൈമാറുകയും ചെയ്തിരുന്നു.
മാലിന്യം കണ്ടെത്താനായില്ലെന്ന് എൽ.ആർ തഹസിൽദാർ പറയുന്നുണ്ടെങ്കിലും സംഘടനാ നേതാക്കൾ പറയുന്നത് പോലെ റവന്യു ഉദ്യോഗസ്ഥരാരും ഇന്നലെ നഗരത്തിൽ മാലിന്യം പരിശോധിക്കാൻ ഇറങ്ങിയില്ലെന്നാണ് അറിവ്. പരിശോധനയ്ക്ക് ജില്ലാ ശുചിത്വ മിഷന്റെ സേവനം പ്രയോജനപ്പെടുത്താനും കളക്ടർ തഹസീൽദാരോട് നിർദേശിച്ചിരുന്നു. എന്നാൽ ഓരോ ദിവസം വിവിധ ഉദ്യോഗസ്ഥർക്ക് ചുമതല നിശ്ചയിച്ച് തഹസീൽദാർ തയ്യാറാക്കിയ സർക്കുലർ ഇന്നലെയാണ് ശുചിത്വ മിഷൻ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
നഗരസഭാ സെക്രട്ടറിക്ക് കളക്ടറുടെ അഭിനന്ദനം
ഇന്നലെ വൈകിട്ട് കൊവിഡ് അവലോകന യോഗത്തിൽ കളക്ടർ നഗരത്തിലെ മാലിന്യ സംസ്കരണത്തെ കുറിച്ച് നഗരസഭാ സെക്രട്ടറിയോട് ചോദിച്ചു. കാര്യക്ഷമമായി നടക്കുന്നുവെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. താൻ രാവിലെ നടക്കാനിറങ്ങിയപ്പോൾ പതിവായി മാലിന്യം കിടക്കാറുള്ള ഇടങ്ങളിൽ ഇന്നലെ ഇല്ലായിരുന്നെന്ന് പറഞ്ഞ കളക്ടർ പ്രവർത്തനം ഊർജ്ജിതമാക്കിയതിന് നഗരസഭാ സെക്രട്ടറിയെ അഭിനന്ദിച്ചു.
റവന്യു ഉദ്യോഗസ്ഥർ പ്രതിഷേധിച്ചു
കൊല്ലം കോർപ്പറേഷൻ പരിധിയിലെ മാലിന്യ നിർമ്മാർജ്ജന ചുമതല റവന്യൂ ജീവനക്കാരുടെ ചുമലിൽ അടിച്ചേൽപ്പിക്കുന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ കെ.ആർ.ഡി.എസ്.എയുടെ നേതൃത്വത്തിൽ റവന്യു ജീവനക്കാർ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന ട്രഷറർ ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. ഗ്രേഷ്യസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.ജി. ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ബി. ശ്രീകുമാർ, സെക്രട്ടറി ആർ. സുഭാഷ്, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം ഡി. അശോകൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഐ. ഷിഹാബുദീൻ എന്നിവർ സംസാരിച്ചു.
കൊല്ലം താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. ജി. ദേവരാജൻ, ജി.എസ്. ശ്രീകുമാർ, സേവ്യർ, ഷാലി വിശ്വനാഥ്, ബി.പി. അനി, പി. ഷാജിമോൻ, ബി.എ. സിജ സദാനന്ദൻ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം താലൂക്ക് ഓഫീസുകൾക്ക് മുന്നിലും സമരം നടന്നു.