കൊട്ടാരക്കര: കനത്ത മഴയിൽ മണ്ണിറങ്ങി കൃഷി നശിച്ച കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലാ കൃഷിയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകി. കഴിഞ്ഞ രണ്ടാഴ്ച മുൻപുണ്ടായ ശക്തമായ മഴയിൽ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ മണ്ണിറങ്ങി നശിച്ച ഏലാ കൃഷിയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പാടശേഖര സമിതി ഭാരവാഹികൾ കൃഷി ഭവനും ജനപ്രതിനിധികൾക്കും നിവേദനം നൽകിയിരുന്നു. നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഏലാസമിതി ഭാരവാഹികൾ കൃഷി മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് അടിയന്തര നടപടിക്ക് തീരുമാനമായത്. ഏലായ്ക്ക് നടുവിലൂടെ കടന്നു പോകുന്ന തോട് മണ്ണിടിഞ്ഞ് വീണും ചെളിനിറഞ്ഞും മൂടിയ നിലിലായതിനാൽ പെരുമഴയിൽ ഏലാക്ക് നടുവിലൂടെയാണ് വെള്ളപ്പാച്ചിലുണ്ടായത്. അതോടെ കൃഷിക്ക് ഒരുക്കിയിട്ടിരുന്ന ഏക്കറുകണക്കിന് നിലം മണ്ണിറങ്ങി നശിച്ചു. എത്രയും വേഗം ഏലായിലെ മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ ഈ വർഷം നെൽകൃഷി ഇറക്കാൻ ബുദ്ധിമുട്ടാകുമെന്ന് പടശേഖര സമിതി ഭാരവാഹികൾ അറിയിച്ചിരുന്നു. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് കരീപ്ര തളവൂർക്കോണം ഏലാ,​ നെൽകൃഷിയിൽ നിന്ന് കർഷകർ അകന്നുമാറുമ്പോഴും എഴുപത്തി‌‌യഞ്ചേക്കറോളം പാടത്ത് ഇവിടെ നെൽകൃഷി നടക്കുന്നു.