c

ശാസ്താംകോട്ട: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും വീണ്ടും പ്രതിസന്ധിയിലായി. ലോക്ക് ഡൗൺ അവസാനിച്ചാലും സ്വകാര്യ ബസുകൾ പഴയപടി സർവീസ് നടത്താൻ വീണ്ടും ദിവസങ്ങളെടുക്കും. കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വ്യവസായത്തിന്റെ നടുവൊടിച്ചിരുന്നു. ഒരു സീറ്റിൽ ഒരു യാത്രക്കാരൻ എന്ന നിലയിൽ കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം നിയന്ത്രണം ഏർപ്പെടുത്തിയതോടെ പല ബസുടമകളും സർവീസുകൾ അവസാനിപ്പിച്ചിരുന്നു.

തൊഴിലാളികൾ ദുരിതത്തിൽ
സ്വകാര്യ ബസുകളിലും അനുബന്ധ തൊഴിൽ മേഖലയിലും പണിയെടുത്തിരുന്ന 5000 ത്തോളം തൊഴിലാളികളാണ് വരുമാനം നിലച്ച് പ്രതിസന്ധിയിലായത്. ലോക്ക് ഡൗൺ മാറി ബസ് സർവീസ് ആരംഭിച്ചാലും കഴിഞ്ഞ തവണത്തെ പോലെ പകുതി യാത്രക്കാരുമായി സർവീസ് നടത്തേണ്ടി വന്നാൽ പകുതിയിലേറെപ്പേരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും.

ബസ് ഉടമകൾ പ്രതിസന്ധിയിൽ

രണ്ട് മാസത്തോളമായി ഓടാതിരിക്കുന്ന ബസുകൾ നിരത്തിലിറക്കണമെങ്കിൽ അറ്റകുറ്റപ്പണിക്കായി നല്ല തുക ചെലവാക്കേണ്ടി വരും. സ്വകാര്യ ഫൈനാൻസ് കമ്പനികളിൽ നിന്ന് വായ്പയെടുത്ത് ബസ് വാങ്ങിയവരുടെ തിരിച്ചടവുകൾ മുടങ്ങിയിരിക്കുകയാണ്. ആറു മാസത്തേക്കെങ്കിലും ഇൻഷ്വറൻസ് കാലാവധി നീട്ടാതെ മറ്റു മാർഗമില്ലെന്നാണ് ഇവർ പറയുന്നത്.

ഡീസലിന്റെ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കാതെ സർവീസുകൾ പുനരാരംഭിക്കാനും കഴിയില്ല. സ്വകാര്യ ബസ് വ്യവസായത്തെ കരകയറ്റാൻ സർക്കാർ പ്രത്യേക പാക്കേജുകളും പലിശരഹിത വായ്പയും ലഭ്യമാക്കണം

ബസ് ഉടമകൾ

ജില്ലയിൽ ഒാടുന്ന പ്രൈവറ്റ് ബസുകൾ ​ : 1000

തൊഴിലാളികൾ: 3000

വർക് ഷോപ്പ് പോലെയുള്ള അനുബന്ധ മേഖലയിൽ പണിയെടുക്കുന്നവ‌ർ: 2000