കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ വ്യാപാരികളെ തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കാതെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെ എത്തിയിട്ടും ജൂൺ 16 വരെ ലോക്ക് ഡൗൺ നീട്ടിയതിൽ യോഗം പ്രതിഷേധിച്ചു. 75 ശതമാനത്തോളം വ്യാപാരികളെയും സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്ന വലിയ ഒരു ജനവിഭാഗത്തെയും കരിനിയമം ഉപയോഗിച്ച് അടച്ചുപൂട്ടിച്ച് വീട്ടിലിരുത്തിയതുമൂലം ആയിരക്കണക്കിന് വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. കൊവിഡ് വാക്സിൻ കേന്ദ്ര സർക്കാർ നൽകുമെന്ന് തീരുമാനിച്ച സ്ഥിതിക്ക് ഇതിനായി സംസ്ഥാന സർക്കാർ നീക്കിവച്ച പണം ലോക്ക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട സാധാരണ വ്യാപാരികൾക്കും മറ്റും നൽകണം. സംസ്ഥാന ബഡ്ജറ്റിൽ വ്യാപാരി സമൂഹത്തെ പാടെ അവഗണിച്ചതിൽ യോഗത്തിൽ പ്രതിഷേധം ഉയർന്നു. ഭാവിയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാൽ ഭക്ഷ്യസ്ഥാപനങ്ങളോടൊപ്പം മറ്റെല്ലാ വിഭാഗം വ്യാപാരികൾക്കും നിശ്ചിത ദിവസം പ്രത്യേക സമയം കട തുറക്കാനുള്ള ക്രമീകരണം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഭാരവാഹികളായ എസ്. കബീർ, ബി. രാജീവ്, കെ. രാമഭദ്രൻ, എസ്. നൗഷറുദ്ദീൻ, കെ.ജെ. മേനോൻ, എം.എം. ഇസ്മയിൽ, ജോജോ. കെ. എബ്രഹാം, എ. അൻസാരി, എ.കെ.ഷാജഹാൻ, ജി.രാജൻ കുറുപ്പ് , ഡി. വാവാച്ചൻ, ആർ. ചന്ദ്രശേഖരൻ, ബി. വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.