c
കൃഷ്ണമ്മയെയും ശരത്തിനെയും ഗാന്ധിഭവൻ ഏറ്റെടുക്കുന്നു

ചാത്തന്നൂർ: ആരും നോക്കാനില്ലാത്ത അമ്മയെയും മക്കളെയും പത്തനാപുരം ഗാന്ധിഭവനും ചടയമംഗലം കുരിയോട് ബെത് സെയ്ത ആശ്രമവും ഏറ്റെടുത്തു. ചിറക്കര പഞ്ചായത്ത് കോളേജ് വാർഡിൽ കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണമ്മയ്ക്കും മക്കളായ ശരണ്യയ്ക്കും ശരത്തിനും ഇനി ഗാന്ധിഭവന്റെ കരുതലും കുരിയോട് ബെത് സെയ്ത ആശ്രമത്തിന്റെ കാരുണ്യവും തുണയാകും.

ജന്മനാ അംഗവൈകല്യവും ബുദ്ധിമാന്ദ്യവും സംഭവിച്ചവരാണ് ശരണ്യയും ശരത്തും. കൃഷ്ണമ്മയുടെ സഹോദരനായ സുരേന്ദ്രന്റെ ആശ്രയത്തിലാണ് മൂവരും കഴിഞ്ഞിരുന്നത്. സുരേന്ദ്രന് പ്രായമായതോടെ ഇവരെക്കൂടി സംരക്ഷിക്കാനാവാത്ത അവസ്ഥയായി. ശരണ്യ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം വിനിതാ ദിപുവിന്റെയും ബഡ്സ് കൂൾ ടീച്ചറായ ജിജിമോളുടെയും ഇടപെടലിന്റെ ഫലമായി ശരണ്യയെ ചടയമംഗലം കുരിയോട് ബെത് സെയ്ത റിഹാബിലിറ്റേഷൻ സെന്റർ ഏറ്റുവാങ്ങി.
പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ അദ്ധ്യക്ഷതയിൽ കൃഷ്ണമ്മയെയും ശരത്തിനെയും ബോർഡ് മെമ്പർ പ്രസന്നാരാജൻ ഏറ്റെടുത്തു. ഗാന്ധിഭവൻ വൈസ്ചെയർമാൻ പി.എസ്. അമൽരാജ്, ബി. ഭുവനചന്ദ്രൻ, കെ. ഉദയകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഏറ്റെടുക്കൽ. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, ജില്ലാസാമൂഹികനീതി ഓഫീസർ കെ.കെ. ഉഷ, ശിശുവികസന പദ്ധതി ഓഫീസർ രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൂവരുടെയും പുനരധിവാസം.