കൊല്ലം: വാനിൽ കടത്താൻ ശ്രമിച്ച 27 ചാക്ക് റേഷൻ സാധനങ്ങൾ പിടികൂടി. വാൻ ഡ്രൈവർ ചാത്തന്നൂർ വെളിച്ചിക്കാല പാലവിള പുത്തൻവീട്ടിൽ ഹഷീറിനെ (38) കിളികൊല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് കിളികൊല്ലൂർ സ്റ്റേഷന് സമീപം വാഹന പരിശോധന നടക്കുന്നതിനിടെ എത്തിയ വാൻ പൊലീസ് സംഘത്തെ കണ്ട് സ്ഥലത്തുനിന്ന് വെട്ടിച്ച് ഇടറോഡ് വഴി കടന്നു. തുടർന്ന് പൊലീസ് സംഘം പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് സംഘത്തെ വെട്ടിച്ച് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ചിരുന്നു. വാഹനത്തിൽ രണ്ടു പേർ ഉണ്ടായിരുന്നെങ്കിലും ഒരാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങൾ കണ്ടെത്തിയത്. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റേഷൻ സാധനങ്ങളാണെന്ന് സ്ഥിരീകരിച്ചു. 20 ചാക്ക് വെള്ള അരി, 5 ചാക്ക് ചുവന്ന അരി, രണ്ട് ചാക്ക് ഗോതമ്പ് എന്നിവയാണ് പിടികൂടിയത്.