തഴവ: ലോക്ക് ഡൗണിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റേഷൻകട വഴിയുള്ള ഭക്ഷ്യധാന്യ - പലവ്യഞ്ജന കിറ്റ് വിതരണം താറുമാറായതിൽ പ്രതിഷേധം. ഏപ്രിലിലെ കിറ്റ് വിതരണം മിക്ക റേഷൻ കടകളിലും കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. ജൂൺ പകുതിയാകുമ്പോഴും മുൻഗണനാ വിഭാഗത്തിൽ പെട്ട കാർഡുടമകൾക്ക് പോലും മേയ് മാസ കിറ്റ് വിതരണം പുർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്. അഞ്ഞൂറിലധികം റേഷൻ കാർഡുകളുള്ള കടകൾക്ക് മേയ് മാസ വിതരണത്തിന് ഇരുന്നൂറിൽ താഴെ കിറ്റുകൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. ജൂൺ പത്ത് മുതൽ ഈ മാസത്തെ കിറ്റ് വിതരണം ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. മേയ് മാസ വിതരണത്തിൽ കുടിശിക വന്ന കിറ്റുകളുടെ വിതരണത്തീയതി എന്നുവരെയാണ് നീട്ടിയതെന്നോ നടപ്പുമാസത്തെ കിറ്റ് വിതരണം എന്ന് ആരംഭിക്കുമെന്നോ വ്യക്തമല്ല. കൊവിഡ് നിയന്ത്രണങ്ങളിൽ നിർമ്മാണമേഖലയുൾപ്പടെ തകർന്നതോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഗ്രാമീണ മേഖലകളിൽ നിലനിൽക്കുന്നത്.