azheekal-harbour
azheekal harbour

ഓച്ചിറ: ട്രോളിംഗ് നിരോധനത്തെ തുടർന്ന് അഴീക്കൽ ഹാർബറിൽ ഇനി പ്രവേശനം ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും മാത്രം. മത്സ്യബന്ധനത്തിനായി കടലിൽ പോയ ഏല്ലാ ബോട്ടുകളും സുരക്ഷിതമായി കരയിൽ എത്തിയിട്ടുണ്ട്. 52 ദിവസങ്ങൾക്ക് ശേഷം ജൂലായ് 31ന് മാത്രമേ ഇനി വലിയ ബോട്ടുകളെ ട്രോളിംഗിനായി കടലിൽ പോകാൻ അനുവദിക്കുകയുള്ളൂ. തിരികെ എത്താൻ താമസിച്ച 32 വള്ളങ്ങളിലെ മത്സ്യം വിപണനം ചെയ്യുന്നതിന് ഇന്നലെ ഫിഷറീന് അധികൃതർ അനുവാദം നൽകി. ഏല്ലാ ബോട്ടുകളും ടി.എസ് കനാലിന് ഇരുകരകളിലുമുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്കും അറ്റകുറ്റപണികൾക്കായി ബോട്ട് യാർഡുകളിലേക്കും മാറ്റി.

ട്രോളിംഗ് നിരോധനസമയത്ത്

മത്സ്യബന്ധനം

മദ്ധ്യകേരളത്തിൽ അഴീക്കൽ ഹാർബറിന് മാത്രമാണ് ട്രോളിംഗ് നിരോധനസമയത്ത് മത്സ്യബന്ധനത്തിനായി അനുമതി ഉള്ളത്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നായി നൂറുകണക്കിന് പരമ്പരാഗത വള്ളങ്ങളാണ് എല്ലാ വർഷവും ഇവിടെ നിന്ന് മത്സ്യബന്ധനത്തിന് പോയിരുന്നത്. ഇത്തവണ 234 ഫൈബർ വള്ളങ്ങളും 90 ഇൻബോർഡ് വള്ളങ്ങളും കടലിൽ പോകുന്നതിനായി ഫിഷറീസ് അധികൃതർ മുമ്പാകെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു വള്ളത്തിലെ 3 തൊഴിലാളികൾക്ക് മാത്രമാണ് ഹാർബറിൽ പ്രവേശിക്കാൻ അനുമതി. കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉള്ളവർക്ക് മാത്രം കടലിൽ പോകാം.

വിപുലമായ സുരക്ഷാ സംവിധാനങ്ങൾ

ട്രോളിംഗ് നിരോധനത്തിന്റെ ആദ്യദിവസം ശക്തമായ തിരയെതുടന്ന് വള്ളങ്ങൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ച് മത്സ്യബന്ധത്തിന് പോയ 24 വള്ളങ്ങൾക്കെതിരെ മറൈൻ എൻഫോഴ്സ്മെന്റിന്റെയും ഫിഷറീസ് അധികൃതരുടെ നിദ്ദേശാനുസരണം ഓച്ചിറ പൊലീസ് കേസെടുത്തു. ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് സർക്കാർ ആഴിക്കൽ ഹാർബറിൽ ഒരുക്കിയിരിക്കുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ് മെന്റ് എന്നിവയുടെ പട്രോളിംഗ് ബോട്ടുകളും ഏത് പ്രതിസന്ധിയെയും നേരിടാൻ തയ്യാറായി ഇവിടെ പ്രവർത്തിച്ചു വരുന്നു. ഓച്ചിറ എസ്.എച്ച്.ഒ ആർ പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് ഹാർബറിന്റെ നിയന്ത്രണം.