പരവൂർ : കൊവിഡ് വ്യാപനം രൂക്ഷമായ ചിറക്കര പഞ്ചായത്തിലെ പോളച്ചിറ 12-ാം വാർഡിന് പരവൂർ എസ്.എൻ.വി.ആർ.സി. ബാങ്കിന്റെ സഹായം. ഒഴുകുപാറ പോളച്ചിറ പ്രദേശത്ത് ശ്വാസകോശ സംബന്ധമായ രോഗമുള്ളവർക്ക് പൾസ് ഓക്സി മീറ്ററുകൾ വാങ്ങി നൽകിയാണ് ബാങ്ക് മാതൃകയായത്. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘുവിന് പോളച്ചിറ വാർഡ് അംഗം കെ. സുജയ് കുമാർ നൽകിയ അപേക്ഷയനുസരിച്ചാണ് നടപടി. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് നെടുങ്ങോലം രഘു പൾസ് ഓക്സിമീറ്ററുകൾ കൈമാറി. വൈസ് പ്രസിഡന്റ് ഡി. മോഹൻ ദാസ്, ബാങ്ക് സെക്രട്ടറി മുത്തുണ്ണി, ഭരണസമിതി അംഗങ്ങളായ കെ. സദാനന്ദൻ, ബി. സുരേഷ്, ഷൈനി തുടങ്ങിയവർ പങ്കെടുത്തു.