കുന്നിക്കോട് : കൊല്ലം - തിരുമംഗലം ദേശീയപാതയോരത്ത് കുന്നിക്കോട് പച്ചില വളവിൽ പാതയോട് ചേർന്ന് കാൽനടയാത്രക്കാർക്ക് സൗകര്യമൊരുക്കാതെ ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന ജോലികൾ വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ തടഞ്ഞു. കഴിഞ്ഞ ഓരു വർഷമായി പച്ചില ഭാഗത്ത് ദേശീയപാതയുടെ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. പച്ചിലവളവൽ പാതയ്ക്ക് വീതിക്കുറവും ഒരു ഭാഗത്ത് ഗർത്തവുമാണ്. കൂടാതെ കലുങ്ക് അവസാനിക്കുന്ന ഭാഗമായതിനാൽ കാൽനടയാത്രക്കാർക്ക് നടന്ന് പോകാൻ സ്ഥലം നന്നേ കുറവാണ്. ഷാഹുൽ കുന്നിക്കോട് ദേശീയപാത അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അസി.എൻജിനിയറും ഓവർസീയറും അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പഴയ കലുങ്ക് അവസാനിക്കുന്ന ഭാഗമായതിനാൽ പതിനഞ്ച് അടിയിലേറെ താഴ്ചയിൽ നിന്ന് കല്ലുകെട്ടി ഉയർത്തിയാലേ അവിടെ കാൽനടയാത്രികർക്ക് സൗകര്യമൊരുക്കാൻ കഴിയൂ. നിലവിൽ ഇതിന്റെ നിർമ്മാണം കരാറിൽ ഉൾപ്പെടുത്താത്തതിനാലും നിർമ്മാണതിന് വൻതുക വേണ്ടതിനാലും താത്ക്കാലിക സൗകര്യം ഒരുക്കുക ശ്രമകരമാണെന്ന് ഉദ്യോഗസ്ഥസംഘം പറഞ്ഞു. പക്ഷേ പ്രദേശവാസികളുടെ നിർബന്ധത്തെ തുടർന്ന് മേൽഉദ്യോഗസ്ഥരുമായും കരാറുകാരുമായും ആലോചിച്ച് വേണ്ട നടപടികൾ സ്വീകരിച്ച് അപകടം ഒഴിവാക്കുന്ന വിധത്തിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുമെന്നും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.