കൊല്ലം: കോൺഗ്രസ് പുനഃസംഘടനയിൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കരുനാഗപ്പള്ളി എം.എൽ.എയായ സി.ആർ. മഹേഷിനെ പരിഗണിച്ചേക്കുമെന്ന് സൂചന. പ്രവർത്തകരെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നവരെയാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നത്.
ഭാരവാഹികളെ മാറ്റുമ്പോൾ ഗ്രൂപ്പിനതീതരായവരെ പരിഗണിക്കാൻ എ.ഐ.സി.സി നേതൃത്വം ആലോചന തുടങ്ങി.
എം.എൽ.എ സ്ഥാനം പദവിക്ക് തടസമാകില്ലെന്നാണ് ഹൈക്കമാന്റ് നിലപാട്. വൻ ഭൂരിപക്ഷത്തിൽ കരുനാഗപ്പള്ളിയിൽ നിന്ന് വിജയിച്ചതും നേതാക്കളെയും പ്രവർത്തകരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിഞ്ഞതുമെല്ലാം മഹേഷിന്റെ മികവായിട്ടാണ് നേതൃത്വം പരിഗണിച്ചിട്ടുള്ളത്. പ്രശ്‌ന പരിഹാരത്തിനുള്ള മികവ് കൂടി പരിഗണിച്ചാൽ ജില്ലയിൽ പാർട്ടിയെ ഊർജ്ജസ്വലമാക്കി മാറ്റാൻ മഹേഷിന് കഴിയുമെന്ന നിലപാടിലാണ് നിഷ്പക്ഷരായ നേതാക്കളും.
സി.ആർ. മഹേഷിനൊപ്പം മുൻ മിൽമാ ചെയർമാൻ പ്രയാർ ഗോപാലകൃഷ്ണന്റെ പേരും പരിഗണനയിലുണ്ട്. ബിന്ദു കൃഷ്ണ സ്ഥാനമൊഴിയുമ്പോൾ ആ സ്ഥാനത്തേയ്ക്ക് ഒരു വനിത തന്നെ വരുന്നതാണ് കൂടുതൽ നല്ലതെന്ന് അഭിപ്രായമുള്ള യുവനേതാക്കളുമുണ്ട്.
എന്നാൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തെത്താൻ മറ്റ് നേതാക്കളും സജീവമായി രംഗത്തുണ്ട്. പ്രതാപ വർമ്മ തമ്പാൻ, പുനലൂർ മധു, ജ്യോതി കുമാർ ചാമക്കാല, സൂരജ് രവി, എം.എം. നസീർ എന്നിവരുടെ പേരുകൾ പ്രാഥമിക സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.