കരുനാഗപ്പള്ളി: തീരസംരക്ഷണത്തിനായി പള്ളിക്കലാറ്റിന്റെയും കൊതിമുക്ക് വട്ടക്കായലിന്റെയും ഇരുവശങ്ങളിലും നിർമ്മിച്ച കരിങ്കൽഭിത്തി തകർന്നുവീഴുന്നു. ഒന്നര പതിറ്റാണ്ടിനുമുമ്പാണ് ജലസേചനവകുപ്പ് തീരസംരക്ഷണത്തിനായി കായലിന്റെ വശങ്ങളിൽ കരിങ്കൽഭിത്തി പണിതത്. വർഷങ്ങളായി കായലിലെ ഓളങ്ങൾ അടിച്ചുകയറി പാറകൾക്ക് വിള്ളലുണ്ടായതോടെയാണ് കരിങ്കൽഭിത്തി തകർന്നുതുടങ്ങിയത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നതിൽ ബന്ധപ്പെട്ട അധികൃതർ അനാസ്ഥ കാട്ടിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ജലനിരപ്പിൽ നിന്ന് അരമീറ്റർ മാത്രമാണ് സംരക്ഷണഭിത്തി ഉയർന്നുനിൽക്കുന്നത്. ശക്തമായ വേലിയേറ്റമുണ്ടായാൽ കായലിൽ നിന്ന് വെള്ളം കരയിലേക്ക് ഇരച്ച് കയറും.
കരയിടിയുന്നത് തടയണം
കരിങ്കൽ ഭിത്തിക്ക് വിള്ളലുണ്ടായതോടെ കരയിടിയുകയാണെന്ന് സമീപവാസികൾ പറയുന്നു. കായലിന്റെ വശങ്ങളിൽ താമസിക്കുന്നവരുടെ ഭൂമി ഇടിഞ്ഞ് കായലിൽ പതിക്കുകയാണ്. തീരസംരക്ഷണഭിത്തി ബലപ്പെടുത്തിയാൽ മാത്രമേ കായൽ തീരത്തെ ഭൂമി സംരക്ഷിക്കാനാവൂ. നിരന്തരമായുണ്ടാകുന്ന വേലിയേറ്റ വേലിയിറക്കങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതരത്തിൽ തീരസംരക്ഷണ ഭിത്തി ബലപ്പെടുത്തണം. ഇതിന് ജലസേചന വകുപ്പ് തയ്യാറായില്ലെങ്കിൽ സംരക്ഷണഭിത്തി പൂർണമായും തകർന്ന് കായലിൽ പതിക്കും.
കൊതിമുക്ക് വട്ടക്കായൽ
ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ശ്രീനാരായണ ട്രോഫി ജലോത്സവം നടക്കുന്നത് പള്ളിക്കലാറ്റിലാണ്. പള്ളിക്കലാറ്റിന്റെയും ട്രാവൻകൂർ ഷെർന്നൂർ കനാലിന്റെയും സംഗമ സ്ഥാനമാണ് കൊതിമുക്ക് വട്ടക്കായൽ. 400 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വട്ടക്കായൽ കരുനാഗപ്പള്ളി താലൂക്കിലെ ഏറ്റവും വലിയ ജലസംഭരണിയാണ്. കരുനാഗപ്പള്ളിയിലെ ഭൂഗർഭജലം സംരക്ഷിച്ച് നിലനിറുത്തുന്നതിൽ വട്ടക്കായലിന്റെ പങ്ക് നിർണായകമാണ്. കൊതിമുക്ക് വട്ടക്കായലിന്റെ ഇരു വശങ്ങളിലുമുള്ള സംരക്ഷണ ഭിത്തി അടിയന്തരമായി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.