c

കൊല്ലം : ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകളിൽ പൊലീസിനെ പുനർവിന്യസിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു. കൊവിഡ് നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ 1018 വാഹനങ്ങളാണ് പൊലീസ് നടപടിക്ക് വിധേയമായത്. ക്രമക്കേടുകൾ കണ്ടെത്തിയ കടകൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം 718 വാഹനങ്ങൾ പിടിച്ചെടുക്കുകയും 189 കേസുകളിലായി 231 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാനദണ്ഡം പാലിക്കാത്ത 34 കടകൾക്കെതിരെ കേസെടുത്തപ്പോൾ ചെറിയ പിഴവുകൾ വരുത്തിയ 88 കടകയുടമകൾക്ക് പിഴ ചുമത്തി. ശരിയായി മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പുറത്തിറങ്ങിയ 1648 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.