കൊല്ലം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ സത്യവാങ്മൂലം അടക്കമുള്ള രേഖകളുമായി സഞ്ചരിക്കുന്നവർക്ക് പോലും പിഴ ചുമത്തുന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
നിർമ്മാണ പ്രവർത്തനം, കൃഷി അടക്കമുള്ള പല തൊഴിലുകൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും പലരും പണിയില്ലാതെ പട്ടിണിയുടെ വക്കിലാണ്. ഇതിനിടയിൽ വല്ലപ്പോഴും പണി ചെയ്ത് കിട്ടുന്ന കൂലി കൂടി പൊലീസ് തട്ടിയെടുക്കുകയാണ്. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിന് പകരം കൈയിൽ കിട്ടുന്നവരുടെ പേരിൽ ചെയ്യാത്ത കുറ്റങ്ങൾ ചുമത്തുകയാണ് ഒരു വിഭാഗം പൊലീസുകാർ.
''
അകാരണമായി പിഴചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പിഴ ചുമത്തുന്നത് സർക്കാർ ഒരു ധനാഗമന മാർഗമായി കാണുന്നു. ഇതിനോടകം കോടികളാണ് ഖജനാവിലേക്കെത്തിയത്. പരസ്യമായി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് നേരെ നടപടി ഉണ്ടാകുന്നില്ല. പാവങ്ങൾക്കാണ് അന്യായമായി പിഴ ചുമത്തുന്നത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
''
ലോക്ക്ഡൗണിന്റെ മറവിൽ പൊലീസ് ജനങ്ങളുടെ മേൽ കുതിരകയറുന്നു, കൊള്ളയടിക്കുന്നു, തുടങ്ങിയ പരാതികൾ വ്യാപകമാണ്. കൊവിഡ് പ്രതിരോധത്തിൽ പൊലീസ് നടത്തുന്ന സേവനങ്ങൾ ചെറുതായി കാണുന്നില്ല. അപ്പോഴും ചില പൊലീസുകാർ ജനങ്ങളെ കുറ്റവാളികളെ പോലെയാണ് കാണുന്നത്. ഇവിടെ പൊലീസ് രാജല്ല നിയമമാണ് നടപ്പാക്കേണ്ടത്.
ബിന്ദുകൃഷ്ണ, ഡി.സി.സി പ്രസിഡന്റ്
''
ജനങ്ങൾ മാസ്ക് വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. ഇത് പരിഹരിക്കണമെങ്കിൽ കൊവിഡ് പൂർണമായും നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. ഇതിന് നിയമം കർശനമായി നടപ്പാക്കുമ്പോൾ പരാതികൾ സ്വാഭാവികമാണ്.
എസ്. സുദേവൻ,
സി.പി.എം ജില്ലാ സെക്രട്ടറി
''
കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പാവങ്ങളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്ന പൊലീസ് ശൈലി ശരിയല്ല. കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. അധികാരത്തിന്റെ ബലത്തിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന പൊലീസുകാരെ നിലയ്ക്കുനിറുത്താൻ ഡിജി.പിയും കമ്മിഷണറും തയ്യാറാകണം.
ബി.ബി. ഗോപകുമാർ,
ബി.ജെ.പി ജില്ലാ പ്രസിഡന്റ്