medical-college
പാരിപ്പള്ളി മെഡിക്കൽ കോളേജ്

ചാത്തന്നൂർ: ജോലികൾക്ക് ഒരു കുറവുമില്ല, എന്നാൽ തക്കതായ കൂലിയുണ്ടോ, അതുമില്ല. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ ഒരുവിഭാഗം കരാർ ജീവനക്കാരുടെ നിലവിലെ അവസ്ഥയാണിത്. ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിലെ കരാർ ജീവനക്കാരാണ് ആനുപാതികമായ വേതനമോ യഥാസമയം ശമ്പള വർദ്ധയോ ലഭിക്കാതെ ജോലി ചെയ്യുന്നത്.

അറുപതോളം കരാർ ജീവനക്കാരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിലുള്ളത്. വിവിധ വിഭാഗങ്ങളിലുള്ള കരാർ ജീവനക്കാരെ സഹായിക്കുകയാണ് ഇവരുടെ പ്രധാന ജോലി. ഇതിനുപുറമെ ക്ളീനിംഗ് ഉൾപ്പെടെയുള്ള ജോലികളും ഇവരെ ഏൽപ്പിക്കാറുണ്ട്.

2013ലെ ശമ്പളസ്കെയിൽ അനുസരിച്ച് പ്രതിമാസം 9,000 രൂപയാണ് ഇപ്പോഴും ഇവർക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളം. ഇതിൽ നിന്ന് ഏജൻസി കമ്മിഷനായി 2000 രൂപ പിടിക്കുകയും ചെയ്യും. കൊവിഡ് വാർഡുകളിൽ ഉൾപ്പെടെ ജോലി ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും റിസ്ക് അലവൻസും ഇവർക്ക് അന്യമാണ്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡാണ് ഈ വിഭാഗത്തിലെ ജീവനക്കാരുടെ കരാർ ഏറ്റെടുത്തിട്ടുള്ളത്. ഇവർ ചെന്നൈ കേന്ദ്രമായി അപ്ഡേറ്റർ സർവീസ് എന്ന മറ്റൊരു സ്വകാര്യ കമ്പനിക്ക് ഉപകരാർ കൊടുത്തിരിക്കുകയാണ്.

മിനിമം വേതനം ആവശ്യപ്പെട്ട് ജീവനക്കാർ നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെയും പരിഹാരമുണ്ടായില്ല. വർഷംതോറും പുതുക്കേണ്ട ടെൻഡർ നടപടികൾ നടപ്പിലാക്കാത്തതിനാലാണ് ശമ്പളം വർദ്ധിക്കാത്തതെന്ന് തൊഴിലാളികൾ പറയുന്നു. പ്രശ്നപരിഹാരം ഉണ്ടാകാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ നീക്കം.