phot
അച്ചൻകോവിൽ മൂന്ന് മുക്കിലെ വനത്തിൽ പാറയുടെ മുകളിൽ ഓൺ ലൈൻ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ

പുനലൂർ: അച്ചൻകോവിൽ, അമ്പനാട് തുടങ്ങിയ മലയോര മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നാവശ്യപ്പെട്ട് കേരള യൂത്ത്ഫ്രണ്ടിന്റെ നേതൃത്വത്തിൽ അച്ചൻകോവിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ വിദ്യാഭ്യാസ അവകാശ സമരം സംഘടിപ്പിച്ചു. ഇന്റർനെറ്റ് സൗകര്യം ലഭ്യമാകാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ വീടുകളും കോളനികളും വിട്ട് വനത്തിലും എസ്റ്റേറ്റുകളിലും പോയി പഠിക്കേണ്ട അവസ്ഥയാണ് നിലവിൽ. പ്രദേശത്ത് ബി.എസ്.എൻ.എൽ ടവർ സ്ഥാപിച്ച് നൽകാം എന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും അതിന് കാല താമസം നേരിടേണ്ടിവരും. ഇത് കണക്കിലെടുത്ത് മറ്റ് സ്വകാര്യ കമ്പനികളുടെ സൗജന്യ സേവനം ലഭ്യമാക്കിയാൽ കുട്ടികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയുമെന്ന് സമരക്കാർ അറിയിച്ചു. കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് മാത്യു സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സംഗീത്.എസ്.നാഥ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ശരൺ ശശി, രതീഷ് അലിമുക്ക്, ഗീത സുകുനാഥ്, ശശിധരൻ പിളള, ആകാശ് രാജ്,നിഹാസ് തുടങ്ങിയവർ സംസാരിച്ചു.