c

മാലിന്യത്തിൽ തൊടില്ലെന്ന് ഉറപ്പിച്ച് റവന്യൂ വിഭാഗം

കൊല്ലം: നഗരത്തിൽ മാലിന്യം കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് നീക്കംചെയ്യണമെന്ന കളക്ടർ ചെയർമാനായുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന് കടലാസിന്റെ വിലപോലും നൽകാതെ റവന്യൂവിഭാഗം ഉദ്യോഗസ്ഥർ. നഗരത്തിൽ പലസ്ഥലത്തും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. കളക്ടറുടെ ശാസന വന്നതോടെ നഗരസഭ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കിയിട്ടുണ്ട്.

മാലിന്യസംസ്കരണത്തിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മാലിന്യനിക്ഷേപം കണ്ടെത്തി നീക്കം ചെയ്യാൻ കളക്ടർ തഹസീൽദാരെ ചുമതലപ്പെടുത്തിയത്. തങ്ങളുടെ അധികാരത്തിൽ കൈകടത്തുകയാണെന്ന ആരോപണവുമായി നഗരസഭയാണ് കളക്ടർക്കെതിരെ ആദ്യം രംഗത്തെത്തിയത്. മേയർ കളക്ടറെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ റവന്യൂ ഉദ്യോഗസ്ഥർ മാലിന്യനീക്കം തങ്ങളുടെ ചുമതലയല്ലെന്ന് പറഞ്ഞ് കളക്ടർക്കെതിരെ തിരിയുകയായിരുന്നു.

കളക്ടർക്ക് അഭിനന്ദനം

മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തിയ നഗരസഭയെ ശാസിച്ചതിന് കളക്ടർക്ക് പൊതുജനങ്ങളിൽ നിന്ന് സമൂഹ മാദ്ധ്യമങ്ങൾ വഴി അഭിനന്ദനം. കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ അധിക ജോലിക്കിടയിൽ മാലിന്യസംസ്കരണം കൂടി ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് റവന്യൂ ഉദ്യോഗസ്ഥർ.

തഹസീൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകണം

എന്നാൽ ഈ മാസം 30ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചെയ്ത കാര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തഹസീൽദാർ കളക്ടർക്ക് നൽകണം. നഗരപരിധിയിൽ പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നത് കണ്ടാൽ പൊതുജനങ്ങൾക്ക് ജില്ലാ ഭരണകൂടത്തെ ഫോണും നവമാദ്ധ്യമങ്ങളും വഴി അറിയിക്കാം.