v
ഡ്രൈവർ ജംഗ്ഷൻ - എ.വി.എച്ച്.എസ് റോഡ് വെളുത്ത മണലിൽ കെട്ടിയടച്ച നിലയിൽ

തൊടിയൂർ: പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഡ്രൈവർ ജംഗ്ഷൻ - എ.വി.എച്ച്.എസ് ജംഗ്ഷൻ റോഡിന്റെ മദ്ധ്യഭാഗമായ വെളുത്ത മണലിൽ രണ്ടാഴ്ച്ചയായി റോഡിന് കുറുകേ വേലികെട്ടിയത് യാത്രക്കാരെ വലയ്ക്കുന്നു. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വെറ്റമുക്ക് - താമരക്കുളം ഹൈവേയുടെ ഭാഗമാണിത്. റോഡിന്റെ തെക്കും വടക്കുമുള്ള പ്രവേശനഭാഗം തുറന്നുകിടക്കുകയാണ്. റോഡിന്റെ മദ്ധ്യഭാഗം വേലി കെട്ടി അടച്ചതറിയാതെ തുറന്നു കിടക്കുന്ന ഇരുവശങ്ങളിലൂടെയും വാഹനങ്ങളിലെത്തുന്നവർ വെളുത്തമണൽ ജംഗ്ഷനിലെത്തുമ്പോഴാണ് കുടുങ്ങുന്നത്. കരുനാഗപ്പള്ളി ടൗൺ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എഫ്.സി.ഐ ഡിപ്പോ, വെയർഹൗസിംഗ് കോർപ്പറേഷൻ ഡിപ്പോ, കേരളഫീഡ്സ്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സഞ്ചാര പാതയാണ് അടച്ചിട്ടിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് വെളുത്തമണൽ മാർക്കറ്റിലെത്തേണ്ടവരും ബുദ്ധിമുട്ടുകയാണ്.

റോഡ് അടയ്ക്കാൻ കാരണം

പഞ്ചായത്തിന്റെ തെക്കൻ മേഖലയിലെ ഒരു വാർഡിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനെത്തുടർന്ന് തൊടിയൂരിലാകെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് റോഡിന്റെ മദ്ധ്യഭാഗം കെട്ടിയടച്ചത്. ആംബുലൻസും കണ്ടയ്നർ ലോറികളുമുൾപ്പടെയുള്ള വലിയ വാഹനങ്ങളും കുരുക്കിൽപ്പെടുന്നുണ്ട്.

ശക്തമായ പൊലീസ് നിരീക്ഷണമുള്ള വെളുത്ത മണൽ ജംഗ്ഷനിൽ മെയിൻ റോഡിന് കുറുകേയുള്ള വേലി നീക്കം ചെയ്ത്‌ നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കും വിധേയമായി വാഹനഗതഗതം അനുവദിക്കണം

ബിന്ദു രാമചന്ദ്രൻ, തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്