ബാർബർ - ബ്യൂട്ടിഷ്യൻ തൊഴിലാളികൾ ദുരിതത്തിൽ
കൊല്ലം: മുഖവും മുടിയും മിനുക്കി നാടിന് തിളക്കം നൽകിയിരുന്ന ബാർബർ - ബ്യൂട്ടിഷ്യൻ തൊഴിലാളികളുടെ ജീവതം രണ്ടാം ലോക്ക് ഡൗണിൽ നിറം മങ്ങി. നിരവധി മേഖലകൾക്ക് ഇളവ് നൽകിയെങ്കിലും ബാർബർ - ബ്യൂട്ടിഷ്യൻ മേഖലയെ അവഗണിച്ചതാണ് പലരും തീരാക്കടത്തിലേയ്ക്ക് കൂപ്പുകുത്തിയത്.
വായ്പാ തിരിച്ചടവിന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ സമയം നീട്ടി നൽകിയെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ളവ കടുംപിടുത്തം തുടരുകയാണ്. തിരിച്ചടവിന് സമയ പരിധി നീട്ടി നൽകാൻ ആവശ്യപ്പെട്ട് ധനകാര്യ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല.
ശാസ്ത്രീയ സുരക്ഷയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഉപജീവനം നടത്തുന്ന ബാർബർ - ബ്യൂട്ടിഷ്യൻ തൊഴിലാളികൾക്ക് കൊവിഡ് മാനദണ്ഡം ഉറപ്പാക്കി ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് ആവശ്യം. ജില്ലയിൽ പതിനായിരത്തിലധികം പേരാണ് ഈ മേഖലയിൽ ജോലിചെയ്യുന്നത്.
നാളെ കണ്ണുകെട്ടി പ്രതിഷേധം
ബാർബർ ബ്യൂട്ടിഷ്യൻസ് മേഖലയ്ക്കുള്ള നീതി നിഷേധത്തിനെതിരെ നാളെ രാവിലെ 10 ന് തൊഴിലാളികൾ അവരവരുടെ വീട്ടുപടിക്കൽ കണ്ണ് മൂടിക്കെട്ടി പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂണിറ്റി ഒഫ് ബ്യൂട്ടിഷ്യൻസ് കൂട്ടായ്മ അറിയിച്ചു.
കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ ജനപ്രതിനിധികൾക്ക് നിവേദനം നൽകി. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, സി.ആർ. മഹേഷ്, ഡോ. സുജിത്ത് വിജയൻപിള്ള, പി.സി. വിഷ്ണുനാഥ് എന്നിവർക്കാണ് പ്രതിനിധികളായ ഷൈമ റാണി, നജ്ല നവാസ്, ബിന്ദു ഹരി, സജി ജെയിംസ്, സുസ്മിത, ആതിര, ശീതൾ എന്നിവർ നിവേദനം നൽകിയത്.
ആവശ്യങ്ങൾ
1. ലോക്ക്ഡൗൺ ഇളവ് നനൽകുക
2. വാക്സിന് മുൻഗണന, വാടക ഇളവ്
3. വായ്പാ തിരിച്ചടവിന് സമയപരിധി നീട്ടുക
4. പലിശരഹിത വായ്പ അനുവദിക്കുക
"
പൂർണമായും അണുനശീകരണം നടത്തിയ ഉപകരണങ്ങൾ ഉപയോഗിച്ചും ശാസ്ത്രീയ സുരക്ഷ ഉറപ്പാക്കിയുമാണ് ബാർബർ - ബ്യൂട്ടിഷ്യൻ തൊഴിലാളികൾ ജോലിചെയ്യുന്നത്.
ഷൈമ റാണി, ഒലിവിയ ബ്യൂട്ടി മേക്കപ്പ്, പാലത്തറ