thenmala-tree
പടം

തെന്മല : ലൈഫ് ഭവന പദ്ധതികളിലൂടെയും മറ്റും നിരവധി പേർക്ക് വീടുവച്ചു നൽകിയെന്ന് സർക്കാരും ജനപ്രതിനിധികളും അവകാശപ്പെടുമ്പോഴും ജീവിതം പുറമ്പോക്കിലായവർ ഇനിയും ധാരാളമുണ്ട്. ശക്തമായ കാറ്റിലും മഴയിലും നടുനിവർത്തി ഒന്ന് ഉറങ്ങാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന ചിലർ. തെന്മല ഗ്രാമ പഞ്ചായത്തിലെ വെള്ളിമല, ഇടമൺ റെയിൽവേസ്റ്റേഷൻ, ഉറുകുന്ന് എന്നിവിടങ്ങളിലെ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന നൂറുകണക്കിനാളുകളും അക്കൂട്ടത്തിൽപ്പെടും.

വീടെന്ന സ്വപ്നം

പതിറ്റാണ്ടുകളോളം പുറമ്പോക്കിൽ താമസിച്ചിട്ടും വീടെന്ന സ്വപ്നം ഇപ്പോഴും ഇവർക്ക് മുന്നിൽ അന്യമാണ്. പുറമ്പോക്കിലായതുകൊണ്ട് തന്നെ ആ ഭൂമിക്ക് പട്ടയമോ പ്രത്യേക കുടികിടപ്പവകാശമോ ലഭിക്കില്ല. സർക്കാരിന്റെ പദ്ധതികളിലൊന്നും ഇടം നേടാനുമാകില്ല. തകരഷീറ്റിട്ടും ടാർപ്പോളീൻ കെട്ടിയുമാണ് പല കൂരകളും നിർമ്മിച്ചിരിക്കുന്നത്. ശക്തമായൊരു കാറ്റടിച്ചാൽ തകർന്നു പോകും. കൂരകൾക്ക് മുകളിലേക്ക് ഏത് നിമിഷവും നിലം പൊത്താവുന്ന വൻ മരങ്ങളും നടുവിൽ ജീവൻ കൈയ്യിൽ പിടിച്ചാണ് ഇവരുടെ ദുരിത ജീവിതം. കിടപ്പ് രോഗികളും കൈ കുഞ്ഞുങ്ങളും ഇവരുടെ കൂട്ടത്തിലുണ്ട്.

സാമൂഹ്യവിരുദ്ധരുടെ ശല്യവും

ലോക്ക് ഡൗൺ ആയതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. മിക്ക വീടുകളിലും മുതിർന്ന പെൺകുട്ടികളടക്കം ഉണ്ടെങ്കിലും അടച്ചുറപ്പുള്ള വീടോ പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളോ ഇല്ല. താമസിക്കുന്ന ഭൂമിയിൽ അവകാശമില്ലാത്തതു കാരണം വീട് മെയിന്റനൻസ്, കക്കൂസ്, കുളിമുറി തുടങ്ങി വിവിധ സഹായപദ്ധതികൾക്ക് ഇവർക്ക് അപേക്ഷിക്കാനുമാകില്ല. സാമൂഹ്യവിരുദ്ധരുടെ നിരന്തര ശല്യമുള്ള ഇവിടങ്ങളിൽ പെൺകുട്ടികളുള്ള വീട്ടിലെ മുതിർന്നവർ രാത്രികാലങ്ങളിൽ ഉറങ്ങാതെ കാവൽ ഇരിക്കുന്നതും പതിവാണ്. പകലന്തിയോളം കഷ്ടപ്പെട്ട ക്ഷീണമുണ്ടെങ്കിലും നാട്ടിൽ നടക്കുന്ന അനിഷ്ട സംഭവങ്ങൾ ഓർക്കുമ്പോൾ ഇവർക്ക് ഉറങ്ങാൻ കഴിയാറില്ല. വളർത്തുനായ്ക്കൾ ഒപ്പമുള്ളതാണ് രാത്രിയിലെ ഇവരുടെ ഏക സുരക്ഷ. സ്വന്തമായി ഒരു വീട് കിട്ടിയ ശേഷം എല്ലാവർക്കുമൊപ്പം സന്തോഷമായി കഴിയുക എന്നതാണ് ഇപ്പോൾ ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം.