photo
കൊട്ടാരക്കര തൃക്കണ്ണമംഗലിൽ ഓടതെളിയ്ക്കാനായി റോഡിന്റെ ഭാഗം പൊളിച്ച നിലയിൽ

കൊട്ടാരക്കര: പൊതുമരാമത്ത് മന്ത്രി ഇടപെട്ട് റോഡിലെ വെള്ളക്കെട്ട് നീക്കി. എന്നാൽ വെള്ളക്കെട്ട് നീങ്ങാൻ ഓടതെളിച്ചപ്പോൾ റോഡ് പൊളിച്ചത് യാത്രക്കാർക്ക് കൂടുതൽ തലവേദനയായി. കൊട്ടാരക്കര തൃക്കണ്ണമംഗൽ ജംഗ്ഷനിലാണ് റോഡിന്റെ തകർച്ച. അലീന സ്റ്റുഡിയോയുടെ വശത്തുകൂടിയുള്ള റോഡിന്റെ തുടക്കഭാഗമാണ് ഓടതെളിയ്ക്കാനായി വെട്ടിപ്പൊളിച്ചത്. ഇവിടെ ഏറെനാളായി വലിയ വെള്ളക്കെട്ടായിരുന്നു.

മന്ത്രിയെ വിളിച്ചു,

നടപടിയുണ്ടായി പക്ഷേ...

തൃക്കണ്ണംമംഗൽ പബ്ളിക് ലൈബ്രറി ഭാരവാഹിയായ ശ്രീരാജ് ഫോണിലൂടെ മന്ത്രി മുഹമ്മദ് റിയാസിനെ റോഡിന്റെ ദുരിതാവസ്ഥ അറിയിച്ചു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ അധികൃതരുമെത്തിയാണ് ഓടകൾ വൃത്തിയാക്കിയത്. ചെറിയ മഴ പെയ്താൽപോലും വെള്ളക്കെട്ടുണ്ടാകുന്ന ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവായി. എന്നാൽ വെള്ളം ഒഴുകാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡിന്റെ ഭാഗം അതേപടി ഉപേക്ഷിച്ച് അധികൃതർ മടങ്ങി. ഇപ്പോൾ റോഡിലേക്ക് വാഹനം കയറ്റാൻപോലും ബുദ്ധിമുട്ടാണ്. അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.