പുത്തൂർ: ലോക്ക്ഡൗൺ നിയന്ത്രണത്തിന്റെ പേരിൽ പുത്തൂർ പൊലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. ഇന്നലെ രാവിലെ കശുഅണ്ടി ഫാക്ടറിയിൽ ജോലിയുണ്ടെന്നുകരുതി പോയ തൊഴിലാളികളുടെ വാഹനം പിടിച്ചെടുത്തു. ഇതേ തുടർന്ന് ഏഴ് കിലോമീറ്റർ കാൽനട യാത്ര ചെയ്താണ് ഒരു സ്ത്രീ തൊഴിലാളി വീട്ടിലെത്തിയത്. മറ്റൊരാളെ നാല് മണിക്കൂർ സ്റ്റേഷനിൽ നിറുത്തിയശേഷം രണ്ടായിരം രൂപ പിഴ ചുമത്തി വിട്ടയച്ചു. ലോക്ക് ഡൗൺ ആയിട്ടും കഴിഞ്ഞ ശനിയാഴ്ച പുത്തൂർ പാങ്ങോട് കോർപ്പറേഷൻ ഫാക്ടറി പ്രവർത്തനം ഉണ്ടായിരുന്നു. ഈ ശനിയാഴ്ചയും ഉണ്ടാകുമെന്ന് കരുതിയാണ് രാവിലെ കോട്ടാത്തലയിലും മൈലംകുളത്തുമുള്ള തൊഴിലാളികൾ ഫാക്ടറിയിലേക്ക് പോയത്. രാവിലെ ഏഴരയോടെ പുത്തൂർ മണ്ഡപം ജംഗ്ഷനിൽ പൊലീസ് ഇവരുടെ വാഹനം തടഞ്ഞു. സത്യവാങ്മൂലം കാട്ടുകയും ഫാക്ടറിയിൽ പോവുകയാണെന്ന് പറയുകയുമുണ്ടായി. കൈവശമുള്ള പൊതിച്ചോർ സഹിതം കാട്ടിയിട്ടും പൊലീസുകാർ വകവച്ചില്ല. തുടർന്ന് ഇവരുടെ ഇരുചക്ര വാഹനങ്ങൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കോടതിവഴിയേ വിട്ടുതരുള്ളൂ എന്ന് പറഞ്ഞതോടെയാണ് വീട്ടമ്മ കീലോ മീറ്ററുകൾ കാൽനടയായി വീട്ടിലേക്ക് പോയത്. സത്യവാങ്മൂലം കാട്ടുകയും യഥാർത്ഥ സ്ഥിതി ബോദ്ധ്യപ്പെടുകയും ചെയ്തിട്ടും പലരെയും പുത്തൂർ പൊലീസ് ബുദ്ധിമുട്ടിക്കുന്നതായി പരാതികളുണ്ട്.