house
പണി പൂർത്തീകരിച്ച വീട്

പടിഞ്ഞാറേ കല്ലട: ലോട്ടറി ടിക്കറ്റുവിറ്റ് ഉപജീവനം നടത്തി ഓലമേഞ്ഞ കൂരയിൽ താമസിക്കുന്നയാൾക്ക് കിടപ്പാടമൊരുക്കി പ്രദേശവാസികൾ. മൺറോത്തുരുത്ത് കിടപ്രം വടക്ക് വാർഡിൽ സജീവാണ് (58) പ്ലാസ്റ്റിക് ഷീറ്റും തുണിയും വലിച്ചു കെട്ടിയ അടച്ചുറപ്പില്ലാത്ത പൊളിഞ്ഞ കൂരയ്ക്കുള്ളിൽ ജീവിതം തള്ളിനീക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പുവരെ പടിഞ്ഞാറേ കല്ലട കോതപുരം തലയിണക്കാവ് ക്ഷേത്രത്തിലെത്തുന്നവർക്ക് ലോട്ടറിവിറ്റ് ക്ഷേത്രത്തിലെ ആഹാരം കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങാറായിരുന്നു പതിവ്. ലോക്ക് ഡൗണിൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം നിയന്ത്രിച്ചതോടെയാണ് സജീവിന്റെ ജീവിതം ദുരിതപൂർണമായത്. വർഷങ്ങൾക്ക് മുമ്പ് അച്ഛനും അമ്മയും മരിച്ചു. ചെറുപ്പത്തിലേ വിവാഹബന്ധം വേർപെടുത്തി.

വിമുക്തഭടനും ഫിഷറീസ് ഉദ്യോഗസ്ഥനുമായ കോതപുരം മന്ദിരത്തിൽ പ്രദീപ്, അനിൽ തോപ്പിൽ, മുളമൂട്ടിൽ ബിജു, ദീപു ദിനേശൻ, ബിജു കിടപ്രം എന്നിവർ മുൻകൈയെടുത്ത് പ്രദേശവാസികളിൽ നിന്ന് സമാഹരിച്ച എൺപതിനായിരത്തോളം രൂപ ചെലവഴിച്ചാണ് ചെറിയവീട് നിർമ്മിച്ചത്. പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ഇന്ന് രാവിലെ 11ന് സജീവിന് കൈമാറുമെന്ന് മന്ദിരത്തിൽ പ്രദീപ് അറിയിച്ചു.