കടയ്ക്കൽ : കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കൂടുതൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ആശുപത്രി വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ്, ഇന്റൻസീവ് കെയർ യൂണിറ്റ് തുടങ്ങിയവ സ്ഥാപിക്കും. കടയ്ക്കൽ പഞ്ചായത്തിൽ പുതിയ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപിക്കാൻ ശുപാർശ ചെയ്യും. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയവയുമായി സഹകരിച്ച് ആശുപത്രിയുടെ വികസനത്തിന് വസ്തു വാങ്ങാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വസ്തു വാങ്ങിക്കഴിഞ്ഞാൽ പുതിയ കെട്ടിടങ്ങൾ അനുവദിപ്പിക്കുന്നതിന് കിഫ്ബിയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ, ഹരി വി. നായർ, എസ്. ബുഹാരി, എസ്. വിക്രമൻ, ജെ.സി. അനിൽ, ഹുമയൂൺ കബീർ, പി. പ്രതാപൻ, പ്രൊഫ, ശിവദാസപിള്ള, സുധിൻ കടയ്ക്കൽ, ആർ.എസ്. ബിജു, സലിം മഞ്ഞപ്പാറ, ആശുപത്രി സൂപ്രണ്ട് ഡോ. രാജ്കഫുർ തുടങ്ങിയവർ പങ്കെടുത്തു.