പുനലൂർ: കൊല്ലം-പുനലൂർ റെയിൽ റൂട്ടിൽ 2022 മാർച്ചിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിക്കും. ഇതിനായുള്ള നിർമ്മാണ ജോലികൾ അടുത്ത ആഴ്ച ആരംഭിക്കും. അതിന്റെ ഭാഗമായി കൊല്ലത്ത് നിന്ന് പുനലൂർ വരെയുള്ള ഭാഗങ്ങളിലെ അവസാനഘട്ട സർവേ നടപടികൾ ഇന്നലെ പൂർത്തിയാക്കി. ചെന്നൈയിലെ ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് അവസാനഘട്ട സർവേ നടപടികൾ പൂർത്തിയാക്കിയത്.
65 കോടി ചെലവിൽ
65 കോടി രൂപ ചെലവഴിച്ച് 43 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം-പുനലൂർ ഭാഗത്തെ നിർമ്മാണ ജോലികളാണ് ആരംഭിക്കുന്നത്. ചെന്നൈ തിരുമൂർത്തി ഹൈടെക് കമ്പനിയാണ്കരാർ ഏറ്റെടുത്തിരിക്കുന്നത്.അലഹാബാദ് കേന്ദ്രമാക്കിയുളള സെൻട്രൽ ഓർഗൈസിംഗ് സബ്സ്റ്റേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷന്റെ നിയന്ത്രണത്തിലാണ് നിർമ്മാണ ജോലികൾ ആരംഭിക്കുന്നത്. പുനലൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ പുതിയ ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ പണിയുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു. ഇവിടെ നിന്ന് പുനലൂർ സബ്സ്റ്റേഷനുമായി ലൈൻ ബന്ധിപ്പിക്കും. നിലവിൽ പെരിനാട് സബ്സ്റ്റേഷൻ ഉണ്ട്.
എം.പിയുടെ ഇടപെടൽ
എൻ.കെ.പ്രേമചന്ദ്രൻ എം.പി. കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് കൊല്ലം-പുനലൂർ റെയിൽവേ പാത വഴി ഇലക്ട്രിക് ട്രെയിൻ ഓടിക്കാനുളള നിർമ്മാണ ജോലികൾ ആരംഭിക്കുന്നത്. മധുര- ചെങ്കോട്ട റൂട്ടിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള നിർമ്മാണ ജോലികൾ നേരത്തെ ആരംഭിച്ചു . 600കോടി രൂപക്കാണ് കരാർ. എൽ.ആൻഡ് ടി.കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.കൊല്ലം-പുനലൂർ റൂട്ടിലെ പണികൾ പൂർത്തിയാക്കിയ ശേഷം ചെങ്കോട്ട- പുനലൂർ റൂട്ടിലെ നിർമ്മാണ ജോലികൾ ആരംഭിക്കാനാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ കൊല്ലം-മധുര റൂട്ടിലെ ഇലക്ട്രിക് ട്രെയിൻ സർവീസ് യഥാർത്ഥ്യമാകും.