c

കരുനാഗപ്പള്ളി: ലോക്ക് ‌ഡൗണിൽ മഹിളാ പ്രധാൻ ഏജന്റുമാരുടെ ജീവിതം ദുരിതപൂർണമാകുന്നു. ദേശീയസമ്പാദ്യ പദ്ധതിയിലേക്ക് നിക്ഷേപകരിൽ നിന്ന് പണം പിരിച്ച് പോസ്റ്റോഫീസിൽ അടക്കുന്നതിന്റെ കമ്മിഷനാണ് ഇവർക്ക് ആനുകൂല്യമായി ലഭിക്കുന്നത്. കരുനാഗപ്പള്ളിയിൽ മാത്രം 100ഓളം മഹിളാ പ്രധാൻ ഏജന്റുമാരാണ് ദേശീയ സമ്പാദ്യ പദ്ധതിയിൽ പ്രവർത്തിക്കുന്നത്. ലോക്ക് ഡൗണിൽ വീടുകളിൽ പോയി നിക്ഷേപകരിൽ നിന്ന് പണം സമാഹരിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. നാഷണൽ സേവിംഗ് ഡിപ്പാർട്ട്ന്റിന്റെ നിയന്ത്രണത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. നിലവിൽ നിക്ഷേപകരിൽ നിന്ന് പണം ശേഖരിച്ചാൽ തിങ്കളാഴ്ച തോറും പോസ്റ്റോഫീസിൽ അടയ്ക്കാൻ സംസ്ഥാന സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലയളവിൽ നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കാൻ പാടില്ലെന്നാണ് ഡിപ്പാർട്ട്മെന്റ് മേധാവികളുടെ ഉത്തരവ്. കൊവിഡ് മാനദണ്ഡം പാലിച്ച് പണം പിരിക്കാനുള്ള സൗകര്യം നൽകണമെന്നാണ് ഏജന്റുമാരുടെ ആവശ്യം.