rajendradas

കൊല്ലം: പാട്ടിനെ സ്നേഹിക്കുകയും പാട്ടിലൂടെ സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്ത എസ്. രാജേന്ദ്രദാസ് സംഗീതമില്ലാത്ത ലോകത്തേക്ക് യാത്രയായി. കൊല്ലത്തെ സംഗീത സായാഹ്ന കൂട്ടായ്മകളിൽ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് സംഗീതാസ്വാദകരെയും സുഹൃത്തുക്കളെയും നൊമ്പരത്തിലാഴ്ത്തി.

മികച്ച സംഘാടകനായ അദ്ദേഹം മുതിർന്ന പൗരന്മാർക്കായി സംഗീത കൂട്ടായ്മയെന്ന നൂതന ആശയം പ്രാവർത്തികമാക്കിയപ്പോൾ സംസ്ഥാനത്ത് പലയിടത്തും അത്തരം കൂട്ടായ്മകൾ രൂപം കൊണ്ടു. അദ്ദേഹം മുൻകൈയെടുത്ത് രൂപീകരിച്ച 'സൗണ്ട് ഒഫ് എൽഡേഴ്സ്" എന്ന സംഘടനയിൽ പാട്ടുപാടിയും ആസ്വദിച്ചും പ്രായത്തെ പാട്ടിലാക്കിയവരിൽ തൊഴിലാളികൾ മുതൽ ജില്ലാ ജഡ്ജി വരെയുണ്ടായിരുന്നു. ജി. ദേവരാജൻ ശക്തിഗാഥ, ബാബുരാജ് ഫൗണ്ടേഷൻ തുടങ്ങിയ സംഗീത കൂട്ടായ്മകളിലെ നിത്യസാന്നിദ്ധ്യമായിരിക്കെയാണ് മുതിർന്ന പൗരന്മാർക്കായി കൂട്ടായ്മയെക്കുറിച്ച് ആശയം ഉദിച്ചത്. കൊല്ലത്തെ മുതിർന്ന പൗരന്മാരുടെ സംഘടനയായ എൽഡേഴ്സ് ഫാറത്തിലെ ചില സുഹൃത്തുക്കളും അതിന് ഈണവും താളവും നൽകിയതോടെ സൗണ്ട് ഒഫ് എൽഡേഴ്സ് എന്ന സംഘടന പിറന്നു.

2018 ഒക്ടോബറിൽ അന്നത്തെ മേയർ രാജേന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു. ചുരുക്കം അംഗങ്ങളുമായി തുടങ്ങിയ സംഘടനയിൽ ഇന്ന് പാട്ടുകാരും ആസ്വാദകരുമായി 150 ലധികം പേരുണ്ട്. 50 കഴിഞ്ഞവർക്കാണ് അംഗത്വം. എല്ലാമാസവും കൂട്ടായ്മയിലെ അംഗങ്ങൾക്ക് ഗാനാലാപനത്തിനും ആസ്വാദനത്തിനും വേദിയൊരുക്കുമായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് സൗണ്ട് ഒഫ് എൽഡേഴ്സിന്റെ വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയായി ഒത്തുചേരലുകൾ. ഡോ. കെ. ശിവരാമകൃഷ്ണപിള്ള രക്ഷാധികാരിയും രാജേന്ദ്രദാസ് പ്രസിഡന്റും ഷാർക്കി ലൂയിസ് സെക്രട്ടറിയുമായ സംഘടന അവശകലാകാരന്മാർക്ക് സാമ്പത്തിക സഹായവും നൽകുന്നുണ്ട്.

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനായിരുന്ന രാജേന്ദ്രദാസ് ചെറുപ്പകാലം മുതലേ പാട്ടുകളുടെ ആരാധകനായിരുന്നു. ജോലിയ്ക്കിടയിലെ ഒഴിവ് വേളകളിൽ സംഗീതവുമായി ബന്ധപ്പെട്ട സംഘടനകളുമായി സഹകരിച്ചു. സീനിയർ മാനേജരായി വിരമിച്ച ശേഷം ജീവിതചര്യയുടെ ഭാഗമായി സംഗീതവും ഒപ്പംചേർന്നു. അകാലത്തിൽ പൊലിഞ്ഞ അദ്ദേഹത്തിന്റെ ഇളയസഹോദരനും പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായിരുന്ന കിഷോറിന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കുകയും മികച്ച മാദ്ധ്യമപ്രവർത്തകർക്ക് കിഷോറിന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തുകയും ചെയ്തു. അന്തരിച്ച ഡോ. ബി.എ. രാജാകൃഷ്ണനായിരുന്നു തുടക്കത്തിൽ ട്രസ്റ്റ് ചെയർമാൻ. ഡോക്ടറുടെ മരണശേഷം ചെയർമാൻ സ്ഥാനം രാജേന്ദ്രദാസാണ് വഹിച്ചത്. കഴിഞ്ഞവർഷം വരെയും കിഷോർ അനുസ്മരണം സംഘടിപ്പിച്ചിരുന്നു. കൊല്ലം എൽഡേഴ്സ് ഫാറം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.