പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിൽ 230 ലിറ്റർ പെർ മിനിറ്റ് ഉത്പ്പാദന ശേഷിയുള്ള ഓക്സിജൻ ജനറേറ്റർ സ്ഥാപിച്ചു. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച അര കോടി രൂപ ഉപയോഗിച്ചാണ് ജനറേറ്റർ സ്ഥാപിച്ചതെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം അറിയിച്ചു. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രത്തിന്റെ ട്രയൽ റൺ മന്ത്രി വീണ ജോർജ്ജ് നിർവഹിക്കും.ഇത് കൂടാതെ താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച സി.ടി.സ്കാനിന്റെ പ്രവർത്തനം 14ന് ആരംഭിക്കും. കൊവിഡ് രോഗികൾക്കും എച്ച്.ഐ.വി, ഹെപ്പറ്റൈറ്റസ് രോഗികൾക്കും ഡയാലിസിസ് നടത്താൻ നിലവിലെ മെഷീന് പുറമെ മാനേജ്മെന്റ് കമ്മിറ്റി ഫണ്ട് ഉപയോഗിച്ച് രണ്ട് ഡയലിസിസ് മെഷീൻ കൂടി വാങ്ങാൻ യോഗം തിരുമാനിച്ചു. പി.എസ്.സുപാൽ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ,ആരോഗ്യ കാര്യസ്ഥിരം സമിതി അദ്ധ്യക്ഷ വസന്ത രഞ്ചൻ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ കോൺഗ്രസ് പ്രതിനിധികളായ സി.വിജയകുമാർ, നെൽസൺ സെബാസ്റ്റ്യൻ എന്നിവർ യോഗം ബഹിഷ്ക്കരിച്ചു.താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങളിൽ അഴിമതി നടന്നതായി ആരോപിച്ചായിരുന്നു ബഹിഷ്ക്കരണം.