ചാത്തന്നൂർ: സമാന്തരവിദ്യാഭ്യാസ മേഖലയിൽ കൊവിഡ് സൃഷ്ടിച്ച തിരിച്ചടികൾ കണക്കിലെടുത്ത് സാമ്പത്തിക ഉത്തേജന പാക്കേജ് അടക്കമുള്ള പുനരുജ്ജീവന മാർഗങ്ങൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പാരലൽ കോളേജ് അസോസിയേഷൻ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ധനകാര്യ മന്ത്രി എന്നിവർക്ക് നിവേദനം നൽകി.

രോഗവ്യാപനത്തോത് കുറയുന്നതനുസരിച്ച് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സമാന്തര വിദ്യാഭ്യാസം പുനരാരംഭിക്കാൻ അനുവദിക്കുക, രാവിലെ 7 മുതൽ 10 വരെ ഓൺലൈൻ ട്യൂഷന് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അഞ്ച് ലക്ഷത്തോളം വരുന്ന അദ്ധ്യാപകരുടെയും അവരുടെ കുടുംബത്തിന്റെയും ഉപജീവനമായ സമാന്തര വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അനുഭാവപൂർവം ഇടപെടണമെന്ന് അസോ. ഭാരവാഹികളായ വിനോദ് ഭരതൻ, സുമേഷ് ചാത്തന്നൂർ എന്നിവർ ആവശ്യപ്പെട്ടു.