തൊടിയൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ഇടക്കുളങ്ങരയിലെ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൈനോരിറ്റി കോച്ചിംഗ് സെന്ററിലെ പമ്പ് സെറ്റ് മോഷ്ടിച്ചുകടത്തി. ഇവിടെ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തിച്ചിരുന്ന സമയത്ത് ജെ.ആർ.വൈ പദ്ധതി പ്രകാരം സ്ഥാപിച്ചതാണ് പമ്പ്സെറ്റ്. കോച്ചിംഗ് സെന്ററിലെ ആവശ്യങ്ങൾക്കും വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിനും ഈ പമ്പ് സെറ്റായിരുന്നു ആശ്രയം. പമ്പ് ഹൗസിന്റെ വാതിൽ പൊളിച്ച് പമ്പ്സെറ്റ് അറുത്തെടുക്കുകയായിരുന്നു. കോച്ചിംഗ് സെന്റർ അധികൃതർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. ചുറ്റുമതിൽ പൊളിഞ്ഞ് കാടുപിടിച്ചു കിടക്കുകയാണ് പഴയ ബ്ലോക്ക് ഒാഫീസ് കെട്ടിടം.