കൊല്ലം: അഞ്ചാലുംമൂട് തൃക്കടവൂർ കുരീപ്പുഴ വഞ്ചിപ്പുഴക്കാവ് ബോട്ടുജെട്ടിക്ക് സമീപം കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുരീപ്പുഴ എം.എൻ.ആർ.എ നഗർ 130ൽ നീലവീട്ടിൽ കിഴക്കതിൽ മോഹൻദാസ് - സുനിദ ദമ്പതികളുടെ മകൻ ആദർശാണ് (17) മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 6.30 ഓടെ ആദർശും മൂന്ന് സുഹൃത്തുകളും ചേർന്ന് കുളിക്കാനായി കുരീപ്പുഴ വഞ്ചിപ്പുഴക്കാവ് ബോട്ട് ജെട്ടിക്ക് സമീപത്തെ കടവിലെത്തി. സംഘം പ്ലൈവുഡും തടിയും ഉപയോഗിച്ചുള്ള വള്ളത്തിൽ കയറുകയും തുഴയുകയും ചെയ്തു. ഇതിനിടയിൽ തുഴ തെറിച്ചുപോയി. നാൽവർ സംഘത്തിൽ ആദർശിന് മാത്രമാണ് നീന്തൽ വശമുണ്ടായിരുന്നത്.
ആദർശ് തുഴയെടുക്കാനായി വള്ളത്തിൽ നിന്ന് ചാടി. ഈ സമയം മറ്റ് മൂന്നുപേരും കരയ്ക്ക് കയറി. ആദർശ് നീന്തുന്നതിനിടെ 30മീറ്റർ അകലെയെത്തിയപ്പോഴേക്കും മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുകൾ ബഹളം വച്ചതോടെ നാട്ടുകാർ പൊലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിച്ചു. തുടർന്ന് കൊല്ലത്ത് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നീരാവിൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. പ്ളസ്ടു പരീക്ഷയെഴുതി റിസൾട്ട് കാത്തിരിക്കുകയായിരുന്നു. സഹോദരങ്ങൾ: അഭിലാഷ്, ആകാശ്.