തീരത്തുള്ളവർ പകർച്ചാവ്യാധി ഭീതിയിൽ
കൊല്ലം: കക്കൂസ് മാലിന്യ മാഫിയ അഷ്ടമുടിക്കായലിന്റെ കഴുത്ത് ഞെരിക്കുന്നതിനൊപ്പം നഗരത്തെ ദുരന്തമുനയിലേക്ക് നയിക്കുന്നു. രാത്രിയുടെ മറവിലാണ് ദിവസേന നിരവധി ലോറികളിൽ കക്കൂസ് മാലിന്യം മണ്ണാൻതോട് വഴി കായലിലേക്ക് ഒഴുക്കുന്നത്. ഇത് അഷ്ടമുടിക്കായലിന്റെ ബസ് സ്റ്റാൻഡിന് സമീപത്തെ തീരത്ത് തളംകെട്ടി അസഹ്യമായ ദുർഗന്ധത്തിനൊപ്പം പകർച്ചാവ്യാധി ഭീഷണിയും ഉയർത്തുകയാണ്. പ്രദേശവാസികൾ നഗരസഭയിലും പൊലീസിലും നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഇരുകൂട്ടരും സംശയകരമായ മൗനത്തിലാണ്.
ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള പത്രപ്രവർത്തക കോളനിയുടെ സമീപത്ത് നിന്നാണ് മണ്ണാൻതോട് ആരംഭിക്കുന്നത്. ഈ തോട് ദേശിംഗനാട് സ്കാനിംഗ് സെന്ററിന് സമീപത്ത് വച്ച് ചിന്നക്കട - ആശ്രാമം റോഡ് മുറിച്ചുകടന്ന് ശാന്തിനഗർ, പുള്ളിക്കട കോളനി എന്നിവിടങ്ങളിലൂടെ അഷ്ടമുടിക്കായലിൽ പതിക്കും. റോഡ് മുറിച്ച് കടന്നുകഴിഞ്ഞാൽ പിന്നീടങ്ങോട്ട് തോടിന് മേൽമൂടിയുമില്ല.
ശാന്തി നഗറിലേക്ക് പ്രവേശിക്കുന്ന തോടിന്റെ മേൽമൂടിയില്ലാത്ത ഭാഗത്താണ് കക്കൂസ് മാലിന്യം ഒഴുക്കുന്നത്. ഇവിടെ മേൽമൂടി സ്ഥാപിച്ചാൽ മാലിന്യം ഒഴുക്കാനാകില്ല. എന്നാൽ പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും നഗരസഭ അതിന് തയ്യാറാകുന്നില്ല. ശാന്തി നഗറിലും പുള്ളിക്കട കോളനിയിലും തോടിനോട് ചേർന്ന് താമസിക്കുന്നവർക്ക് ദുർഗന്ധം കാരണം വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്.
സംസ്കരിക്കാനെന്ന വ്യാജേന മാലിന്യ ശേഖരണം
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആശുപത്രികൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് ലോറികളിൽ കയറ്റിക്കൊണ്ടുവരുന്നത്. തമിഴ്നാട്ടിൽ കൊണ്ടുപോയി സംസ്‌കരിക്കാനെന്ന പേരിൽ പതിനായിരം രൂപയ്ക്ക് മുകളിലാണ് ഇവർ വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും വാങ്ങുന്നത്.
പിന്നിൽ സായുധ സംഘം !
ശാന്തി നഗറിന് സമീപം കക്കൂസ് മാലിന്യവുമായി ലോറി എത്തുന്നതിന് മുമ്പ് രണ്ട് ബൈക്കുകൾ ഇതുവഴി കടന്നുപോകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആരെങ്കിലും പുറത്തുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് ബൈക്കുകളിലെത്തുന്നവരുടെ ലക്ഷ്യം. ഇവർ ഗ്രീൻ സിഗ്നൽ നൽകുമ്പോൾ ലോറി പാഞ്ഞെത്തി വലിയ പൈപ്പിലൂടെ നിമിഷങ്ങൾക്കുള്ളിൽ മാലിന്യം തള്ളിയ ശേഷം സ്ഥലം വിടും. ബൈക്കിലെ നിരീക്ഷണ സംഘം വരുമ്പോൾ ആരെയെങ്കിലും പുറത്തുകണ്ടാൽ ഭീഷണിപ്പെടുത്തി വീട്ടിനുള്ളിൽ കയറ്റും. ഒന്നിടവിട്ട ദിവസങ്ങളിൽ നാലും അഞ്ചും ലോഡ് മാലിന്യമാണ് ഇപ്രകാരം ഒഴുക്കുന്നത്.
'' സി.സി ടി.വി കാമറയിൽ നിന്ന് ലഭിച്ച കക്കൂസ് മാലിന്യം ഒഴുക്കുന്ന ലോറിയുടെ ചിത്രങ്ങൾ സഹിതം പൊലീസിന് പരാതി നൽകി. നഗരസഭാ അധികൃതരോടും നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും യാതൊരു ഫലവുമില്ല. കൊവിഡ് കാലത്ത് ആശുപത്രികളിൽ നിന്ന് കൊണ്ടുവരുന്ന കക്കൂസ് മാലിന്യം ഇവിടെ ഒഴുക്കുന്നത് കൂടുതൽ ഭീതി സൃഷ്ടിക്കുന്നു.''
രാജേഷ് കുമാർ (ചിന്നക്കട ശാന്തി നഗർ സെക്രട്ടറി)