ഓച്ചിറ: ആയിരംതെങ്ങ് ശ്രീനാരായണ ധർമ്മ സേവാ സംഘത്തിന്റെ (എസ്.എൻ.ഡി.എസ്.എസ്) ഗുരുക്ഷേത്രത്തിന്റെ പ്രവർത്തനം ആലപ്പാട് പഞ്ചായത്ത് അധികൃതർ തടസപ്പെടുത്താൻ ശ്രമിക്കുന്നതായി ഭാരവാഹികളുടെ ആരോപണം. ആയിരംതെങ്ങ് കേന്ദ്രമായി സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുക്ഷേത്രം സ്ഥാപിച്ചിട്ട് പതിറ്റാണ്ടുകളാവുന്നു. ഇതിനോടനുബന്ധിച്ച് നഴ്സറി, വായനശാല, ഗോഡൗൺ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് സംഘംവക സ്ഥലം ആയിരംതെങ്ങ് - അഴീക്കൽ പാലം നിർമ്മാണത്തിനായി ഒഴിയേണ്ടി വന്നു. 2010ൽ കളക്ടറുടെ നിർദേശാനുസരണം കരുനാഗപ്പള്ളി തഹസീൽദാറും സംഘം ഭാരവാഹികളും തമ്മിലുണ്ടായ ഒത്തുതീർപ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഗുരുമന്ദിരം പാലത്തിന് തെക്കുവശത്ത് നിന്ന് വടക്ക് വശത്തേക്ക് താത്കാലികമായി മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന്റെ ചെലവ് വഹിച്ചത് ബന്ധപ്പെട്ട വകുപ്പുകളാണ്. ഇതിനോടനുബന്ധിച്ച് സംഘത്തിന്റെ പ്രവർത്തനത്തിനായി ഓഫീസും അനുവദിച്ച് നൽകിയിരുന്നു. പാലം പണി പൂർത്തിയായശേഷം പഴയ സ്ഥലത്തോ അല്ലെങ്കിൽ അനുയോജ്യമായ മറ്റൊരിടത്തോ ഗുരുമന്ദിരം, നഴ്സറി സ്കൂൾ, വായനശാല എന്നിവ സർക്കാർ ചെലവിൽ നിർമ്മിച്ചു നൽകുമെന്നും കരാറിൽ പറയുന്നു. 2010ൽ ഗുരുമന്ദിരവും നഴ്സറി സ്കൂളും നിൽക്കുന്ന സ്ഥലം പഞ്ചായത്ത് വകയാണെന്നും സ്ഥലം ഒഴിയണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി. 2015ൽ ഗുരുക്ഷേത്രവും അനുബന്ധ സ്ഥാപനങ്ങളും മാറ്റി സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന്
ഹൈക്കോടതി ആലപ്പാട് പഞ്ചായത്തിന് നിർദേശവും നൽകി. 2015 ജൂലായ് ഒന്നിനാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ സിന്ധു, ലേഖ, ശങ്കരൻ എന്നിവർ പറഞ്ഞു.
കോടതി ഉത്തരവ് നടപ്പാക്കാതെ പഞ്ചായത്ത് അധികൃതർ ഗുരുക്ഷേത്രത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുകയാണ്. വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നിലപാടുകൾക്കെതിരെ സമരം സംഘടിപ്പിക്കും.
ബാബു പരബ്രഹ്മം, പ്രസിഡന്റ്, എസ്.എൻ.ഡി.എസ്.എസ്.
ഗുരുക്ഷേത്രത്തിന്റെ പ്രവർത്തനം തടസപ്പെടുത്താൻ പഞ്ചായത്തിന് യാതൊരു ഉദ്ദേശവുമില്ല. പാലത്തിനോട് ചേർന്നുള്ള പഞ്ചായത്തുവക സ്ഥലം പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ വിനിയോഗിക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
യു. ഉല്ലാസ്, പ്രസിഡന്റ്, ആലപ്പാട് ഗ്രാമ പഞ്ചായത്ത്