കൊല്ലം: എക്‌സൈസ് സംഘത്തിന്റെ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 535 ലിറ്റർ കോട കണ്ടെടുത്തു. വെള്ളിമൺ കൊട്ടാരം ക്ഷേത്രത്തിന് സമീപം പൂട്ടിക്കിടക്കുന്ന പൈപ്പ് കമ്പനിയുടെ താഴെയുള്ള ലേലക്കടവിന് സമീപം, പടപ്പക്കര എൻ.എസ് നഗറിലെ അങ്കണവാടിക്ക് സമീപത്തെ ഒഴിഞ്ഞ പുരയിടം എന്നിവിടങ്ങളിൽ നിന്നാണ് കോട കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം കൊല്ലം എക്‌സൈസ് ഇൻസ്‌പെക്ടർ എം. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എം. സുരേഷ് കുമാർ, സിവിൽ ഓഫീസർമാരായ സി. ശ്രീകുമാർ, രജീഷ്, ജയകൃഷ്ണൻ, ജെ. ജോജോ, ഡ്രൈവർ വിനീഷ് എന്നിവർ പങ്കെടുത്തു. കോട സൂക്ഷിച്ചവരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി എക്സൈസ് അറിയിച്ചു.