barricade

കൊല്ലം: ട്രിപ്പിൾ ലോക്ക് ഡൗണിന് സമാന നിയന്ത്രണമുള്ള മേഖലകളിൽ ചിലർക്ക് മാത്രമായി ഇളവുകൾ അനുവദിക്കുന്നതായി ആക്ഷേപം. സമൂഹത്തിലെ സമ്പന്നരായ ചില രാഷ്ട്രീയ, വ്യവസായ പ്രമുഖർക്ക് വേണ്ടിയാണ് പൊലീസിന്റെ ഈ വിട്ടുവീഴ്ച.

നിയന്ത്രണങ്ങളുടെ ഭാഗമായി ഇടവഴികൾ പൂർണമായി അടച്ച് ഗതാഗതം പ്രധാനപാതയിലൂടെ മാത്രമാക്കിയിരുന്നു. എന്നാൽ ചില 'പ്രമുഖരുടെ' വീടുകളും സ്ഥാപനങ്ങളും ഒഴിവാക്കിയാണ് ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഉൾപ്രദേശത്തേക്കുള്ളവർക്ക് സഞ്ചരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിക്കൊടുക്കുന്നതായും ആരോപണമുണ്ട്.

നഗരാതിർത്തിയിലുള്ള ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള ഒരു പഞ്ചായത്തിൽ പരസ്യമായാണ് ഇത്തരം വിവേചനം പതിവായി അരങ്ങേറുന്നത്. അഷ്ടമുടിക്കായലിന്റെ തീരത്ത് പ്രവർത്തിക്കുന്ന ഒരു സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിലേക്ക് യഥേഷ്ടം വാഹന സഞ്ചാരമുണ്ടായിട്ടും പൊലീസ് കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, തൊട്ടടുത്തുള്ള കച്ചവട സ്ഥാപനങ്ങൾക്കോ പ്രദേശവാസികൾക്കോ ഇളവ് നൽകുന്നില്ലെന്ന് മാത്രമല്ല ചോദ്യം ചെയ്യുന്നവരെ പൊലീസ് ഉദ്യോഗസ്ഥർ പരിഹസിക്കുകയാണെന്നും പരാതിയുണ്ട്. ഒരു മാസത്തിലേറെയായി ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണത്തിലുള്ള ഈ പഞ്ചായത്ത് പ്രദേശത്ത് പോസിറ്റിവിറ്റി നിരക്കിൽ ഇതുവരെ കാര്യമായ കുറവുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.