swinning
അഷ്ടമുടി കായൽ നീന്തിക്കടന്ന മഹേശ്വറിനെ ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിക്കുന്നു

മൺറോത്തുരുത്ത്: അക്കരെ നിന്ന് ഇക്കരയിലേക്കും തിരിച്ചും നീന്തി അഷ്ടമുടി കായലിനെ കോരിത്തരിപ്പിച്ച് എട്ടുവയസുകാരൻ മഹേശ്വർ. തന്റെ ഓളങ്ങളിലൂടെ പണ്ട് പലരും അക്കരയിക്കരെ നീന്തുമായിരുന്നു. പക്ഷെ ഇപ്പോൾ കൗമാരക്കാർ പോലും കഷ്ടിച്ച് ഇരുനൂറ് മീറ്ററേ നീന്താറുള്ളു. അപ്പോഴാണ് എട്ടുവയസുകാരൻ ഈ കായൽസുന്ദരിയെയും നാട്ടുകാരെയും വിസ്മയിപ്പിച്ചത്.

മണക്കടവ് എസ് വളവിൽ നിന്ന് അഷ്ടമുടി കായലിന്റെ നടുക്കുള്ള പള്ളിയാംതുരുത്തിലേയ്ക്കും തിരിച്ചും ഏകദേശം അഞ്ച് കിലോമീറ്ററോളമാണ് കുഞ്ഞുകാലുകളും കൈകകളും കൊണ്ട് മഹേശ്വർ നീന്തിയത്. ഒരുദിശയിലേക്ക് മാത്രം മുക്കാൽ മണിക്കൂറെടുത്തു. പതിയെയാണ് നീന്തിയതെങ്കിലും ഒരിക്കൽ പോലും നിലവെള്ളം ചവിട്ടിയില്ല. അച്ഛൻ ജയപാലനും ഒപ്പം നീന്തിയപ്പോൾ നാട്ടുകാർ വള്ളത്തിൽ പിന്തുടർന്നു.

വീടിനോട് ചേർന്നുള്ള കല്ലടയാറ്റിലെ കടവിലായിരുന്നു നീന്തൽ പരിശീലനം. മൂന്നാം വയസിലാണ് നീന്തൽ പഠിച്ച് തുടങ്ങിയത്.അച്ഛൻ തന്നെയാണ് പരിശീലകൻ. എല്ലാദിവസവും കുറഞ്ഞത് മൂന്നൂറ് മീറ്ററെങ്കിലും നീന്തും. ആദ്യമായാണ് ഇത്രദൂരം നീന്തിയത്. അന്താരാഷ്ട്ര നീന്തൽ താരമാകണമെന്നാണ് മഹേശ്വറിന്റെ ആഗ്രഹം. അതിനായി പരിശീലനകനെ തിരയുകയാണ്.

വില്ലിമംഗലം വെസ്റ്റ് തുണ്ടിക്കടയിൽ വീട്ടിലാണ് താമസം. ഗുരുകുലം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. കെ.എസ്.എഫ്.ഇ ജീവനക്കാരിയും സിയാച്ചിനിൽ ജീവത്യാഗം വരിച്ച ധീര ജവാൻ സുധീഷിന്റെ സഹോദരിയുമായ സുരേഖയാണ് മഹേശ്വറിന്റെ അമ്മ.

മഹേശ്വറിനെ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കോവൂർ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ആർ.വൈ.എഫ് കുന്നത്തൂർ നിയോജകമണ്ഡലം ജോ. സെക്രട്ടറി ദീപ്തി ശ്രാവണം, സന്തോഷ് പട്ടംതുരുത്ത്, കൊച്ചയിൽ മണിലാൽ, രേഷ്മ അനീഷ്, ശ്രീരാജ് എന്നിവരും സന്നിഹിതരായിരുന്നു.