എഴുകോൺ: മടന്തകോട് നിന്ന് സ്‌കൂട്ടർ മോഷ്ടിച്ച രണ്ടുപേർ എഴുകോൺ പൊലീസിന്റെ പിടിയിലായി. മടന്തകോട് കേളിയിൽ അഭിരാം ബാബുവിന്റെ സ്‌കൂട്ടറാണ് വെള്ളിയാഴ്ച്ച മോഷണം പോയത്. മടന്തകോട് പാലനിരപ്പിൽ വാടകയ്ക്ക് താമസിച്ചിരുന്ന അഷ്ടമുടി കൈപ്പടയ്ക്കൽ പുത്തൻവീട്ടിൽ അബ്ദുൾസലാം (26), മാമൂട് സ്വദേശിയായ 15വയസുകാരൻ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെ മടന്തകോട് സ്കൂളിന് സമീപമാണ് മോഷണം നടന്നത്. അഭിരാമിന്റെ അച്ഛൻ ബാബുപിള്ള സ്‌കൂട്ടർ സ്‌കൂളിന് സമീപം പാർക്ക് ചെയ്തിട്ട് പോയ സമയത്താണ് മോഷണം നടന്നത്. സ്കൂളിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ നിന്ന് പാലനിരപ്പ് സ്വദേശിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അബ്ദുൾ സലാമിനെ കോടതി റിമാൻഡ് ചെയ്തു. 15 വയസുകാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.