ശാസ്താംകോട്ട: ശ്രീധർമ്മശാസ്താ ക്ഷേത്ര പരിസരത്തെ വാനരന്മാർക്ക് ഇനിമുതൽ ദേവസ്വം ദേശീയ പ്രചാരസഭ ഭക്ഷണമൊരുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാര സഭയുടെ നേതൃത്വത്തിലാണ് കുരങ്ങുകൾക്ക് ഭക്ഷണമൊരുക്കുന്നത്. കൊവിഡ് നിബന്ധന നിലനിൽക്കുന്നതിനാൽ ക്ഷേത്രത്തിലെ ഭക്തരുടെ തിരക്ക് കുറഞ്ഞതോടെ ക്ഷേത്ര കുരങ്ങുകൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് ദേവസ്വം ദേശീയ പ്രചാരസഭ ഭക്ഷണത്തിന്റെ ചുമതല ഏറ്റെടുത്തത്. കുരങ്ങുകളുടെ ഇഷ്ടഭക്ഷണം ഒരുക്കുന്നതിന് ഒരു മാസത്തേക്ക് ആവശ്യമായ അരി, പയർ, കടല, അവിൽ, ശർക്കര, ഫലവർഗങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിലെത്തിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ശങ്കരപ്പിള്ള, ദേശീയ പ്രചാരസഭ ചെയർമാൻ ആർ. ഷാജി ശർമ്മ, മുൻ ഗ്രാമ പഞ്ചായത്തംഗം എസ്. ദിലീപ് കുമാർ, ഉപദേശക സമിതി ഭാരവാഹികളായ കാഞ്ഞിരംവിള അജയകുമാർ, ആർ. രാജേന്ദ്രൻ പിള്ള, സബ് ഗ്രൂപ്പ് ഓഫീസർ വിക്രമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.