കൊട്ടാരക്കര: മന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ക്യാമ്പ് ഹൗസ് പരിസരത്ത് ഇനി കാർഷിക സമൃദ്ധി. കൃഷിയും പരിസ്ഥിതി സംരക്ഷണവും വ്യാപകമാക്കാൻ മന്ത്രി മുൻകൈയെടുത്ത് തുടങ്ങിയ നേച്ചർ കൊട്ടാരക്കരയുടെ ഭാഗമായാണ് കൊട്ടാരക്കരയിലെ ക്യാമ്പ് ഹൗസ് പരിസരത്ത് പച്ചക്കറിക്കൃഷി ആരംഭിച്ചത്. വെണ്ടയും തക്കാളിയുമടക്കമുള്ള പച്ചക്കറിത്തൈകൾ വച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കർഷക സംഘം ജില്ലാ പ്രസിഡന്റ് ബിജു കെ. മാത്യു, സെക്രട്ടറി സി. ബാൾഡ്വിൻ, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ജോൺസൺ, നഗരസഭാ കൗൺസിലർ എസ്.ആർ. രമേശ് എന്നിവർ പങ്കെടുത്തു.
ബാലഗോപാൽ സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കേ പാർട്ടി ഓഫീസ് പരിസരത്തും മട്ടുപ്പാവിലും പച്ചക്കറി കൃഷി നടത്തി ശ്രദ്ധ നേടിയിരുന്നു. പിന്നീട് കർഷകസംഘം സംസ്ഥാന സെക്രട്ടറിയായതോടെ സംസ്ഥാനമൊട്ടാകെ കാർഷിക കൂട്ടായ്മകൾ രൂപീകരിച്ചു. ക്യാമ്പ് ഹൗസ് പരിസരത്ത് സ്ഥലപരിമിതിയുണ്ടെങ്കിലും ഉള്ളയിടത്ത് പരമാവധി പച്ചക്കറി കൃഷി നടത്താനാണ് തീരുമാനമെന്നും മണ്ഡലം മുഴുവൻ കൃഷി വ്യാപിപ്പിക്കുന്ന പരിശ്രമങ്ങൾക്ക് തുടക്കമിട്ടതായും മന്ത്രി പറഞ്ഞു. നേച്ചർ കൊട്ടാരക്കര പദ്ധതിവഴി കൂടുതൽ ഇടങ്ങളിൽ പച്ചക്കറി കൃഷി തുടങ്ങാനും തീരുമാനമായി.