phot
പുനലൂർ - മടത്തറ മലയോര ഹൈവേയിലെ കരവാളൂർ പിറക്കലിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ തോട്ടിൽ നിന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നു

പാർശ്വഭിത്തി നിർമ്മാണത്തിന് 77 ലക്ഷത്തിന്റെ എസ്റ്റിമേറ്റ്

പുനലൂർ: കോടികൾ ചെലവഴിച്ച് നാല് മാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ച പുനലൂർ - മടത്തറ മലയോര ഹൈവേ മണ്ണിടിച്ചിലിനെ തുടർന്ന് പുനർനിർമ്മിക്കുന്നു. മലയോര ഹൈവേ കടന്നുപോകുന്ന പുനലൂരിന് സമീപത്തെ കരവാളൂർ പിറക്കലിലാണ് 20 മീറ്ററോളം ദൂരത്തിലുള്ള പാതയോരം ഇടിഞ്ഞിറങ്ങിയത്. ഇത് പുനർനിർമ്മിക്കുന്നതിന് 77 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എൻജിനിയർക്ക് സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിലാണ് പിറക്കലിൽ പാർശ്വഭിത്തി തകർന്ന് മണ്ണിടിഞ്ഞ് സമീപത്തെ തോട്ടിലേക്ക് വീണത്. ഇതുവഴിയുളള ഗതാഗതം അധികൃതർ ഭാഗികമായി നിയന്ത്രിച്ചിരിക്കുകയാണ്.

മണ്ണിടിച്ചിൽ മൂന്നാം തവണ

പാർശ്വഭിത്തി നിർമ്മാണത്തിലെ അപാകതയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. മൂന്നാമത്തെ തവണയാണ് ഇവിടെ മണ്ണിടിച്ചിലുണ്ടാവുന്നത്. കിഫ്ബിയിൽ നിന്ന് കോടികൾ ചെലവഴിച്ചായിരുന്നു മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഇടിഞ്ഞ പാതയോരത്ത് 50 മീറ്റർ നീളത്തിൽ പുതിയ പാർശ്വഭിത്തി നിർമ്മിക്കാനുള്ള എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇപ്പോൾ തയ്യാറാക്കി നൽകിയിരിക്കുന്നത്. പ്രളയ ദുരിതാശ്വസ നിധിയിൽ നിന്ന് പണം ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

മന്ത്രിയുടെ ഇടപെടൽ

മലയോര ഹൈവേയിലെ മണ്ണിടിച്ചിലിനെ സംബന്ധിച്ച് പി.എസ്. സുപാൽ എം.എൽ.എ വകുപ്പ് മന്ത്രി മുഹമ്മദ് റിസാസിനെ നേരിൽ കണ്ട് നേരത്തേ നിവേദനം നൽകിയിരുന്നു. ഇതാണ് നടപടികൾ വേഗത്തിലാവാനുള്ള മുഖ്യകാരണം. സമീപത്തെ തോട്ടിൽ മണ്ണിറങ്ങിയതോടെ ജലമൊഴുക്ക് തടസപ്പെട്ടിരുന്നു. കാലവർഷത്തിൽ വെള്ളപ്പൊക്കമുണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ ജെ.സി.ബി ഉപയോഗിച്ച് തോട്ടിലെ മണ്ണ് നീക്കി വെള്ളമൊഴുക്ക് നിയന്ത്രിച്ചു. മലയോര ഹൈവേ കടന്ന് പോകുന്ന നിരവധി സ്ഥലങ്ങളിൽ നേരത്തേ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.