പിന്നിൽ അന്യസംസ്ഥാന സംഘങ്ങളെന്ന് സംശയം
കൊല്ലം: ജില്ലയിലെ പാതയോരങ്ങൾ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് ആശങ്ക പരത്തുന്നു. സംഭവത്തിന് പിന്നിൽ അന്യസംസ്ഥാനത്ത് നിന്നുള്ള സംഘങ്ങളുടെ ഇടപെടലുണ്ടോയെന്ന സംശയത്തിലാണ് എക്സൈസ്. കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ മൂന്നിടത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. മങ്ങാട് കണ്ടച്ചിറയിൽ പരിസ്ഥിതി ദിനത്തിൽ പരസ്യമായി റോഡരികിൽ കഞ്ചാവുചെടി നട്ട സംഭവവുമുണ്ടായി. ഇതിന് പിന്നിലുള്ള യുവാക്കൾ ' ഇത് ഞങ്ങളുടെ ചെടി' എന്നതരത്തിൽ മൊബൈലിൽ വീഡിയോ പകർത്തിയത് സംശയം വർദ്ധിപ്പിക്കുന്നുണ്ട്. കഞ്ചാവിന്റെ വിത്ത്, തൈ എന്നിവ നൽകിയവർക്ക് വീഡിയോ സന്ദേശമായി അയയ്ക്കാനാവും ഇവർ ഇത് മൊബൈലിൽ പകർത്തിയത്.
കഞ്ചാവ് പുകയുന്ന വഴികൾ
1. എത്തുന്നത് തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ, ആന്ധ്രയിലെ നക്സൽ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ നിന്ന്
2. ലോക്ക് ഡൗണിനെ തുടർന്ന് വാഹന, ട്രെയിൻ ഗതാഗതസൗകര്യങ്ങൾ പരിമിതമായത് തടസമായി
3. പച്ചക്കറി ലോറിയിലെത്തിച്ച 8 കിലോ കഞ്ചാവുമായി ഇരവിപുരം സ്വദേശി കഴിഞ്ഞദിവസം പിടിയിൽ
4. അന്യസംസ്ഥാനത്ത് നിന്നുള്ള വില്പനക്കാർ കഞ്ചാവിന്റെ വിത്തുകൾ ജില്ലയിലെത്തിച്ചതാകാൻ സാദ്ധ്യത
5. ചെടികൾ വിളഞ്ഞ് പൂക്കളുണ്ടായാൽ പരിസരമാകെ കഞ്ചാവിന്റെ രൂക്ഷഗന്ധം വ്യാപിക്കും
6. റോഡരികിൽ ചെടികൾ കണ്ടെത്തിയതിനാൽ ആളൊഴിഞ്ഞ പുരയിടങ്ങളിൽ നട്ടുവളർത്താനും സാദ്ധ്യത
നിരീക്ഷണം ശക്തമാക്കി എക്സൈസ്
ഒറ്റപ്പെട്ട സ്ഥലങ്ങൾ, ആളൊഴിഞ്ഞ പുരയിടങ്ങൾ, തുരുത്തുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. വാറ്റുചാരായം, കഞ്ചാവ് എന്നിവയടെ വില്പന ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ അറിയിക്കണം.
കൊല്ലം ഡിവിഷൻ ഓഫീസ് - 0474 2745648
എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ - 9400069439
എക്സൈസ് ഇൻസ്‌പെക്ടർ - 9400069440
നിരീക്ഷണം ശക്തമാക്കാൻ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ ഷാഡോ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സൂചന ലഭിക്കുന്നവർ എക്സൈസിന് വിവരം കൈമാറണം.
ഐ. നൗഷാദ്, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ
എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡ്, കൊല്ലം