ചവറ : നൻമ വണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു നേരത്തെ വിശപ്പടക്കാൻ ഒരു പൊതിച്ചോറ് എന്ന ചവറ ഏരിയാ കാമ്പയിൻ വടക്കുംതല ,പനയന്നാർകാവ് ഹൈസ്കൂളിൽ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ വടക്കുംതല , പനയന്നാർകാവ് എസ്.വി. പി. എം ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോറ് എം.എൽ.എ നൻമവണ്ടി പ്രതിനിധി ബിജു മുഹമ്മദിന് കൈമാറി. പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടാതെ ഭക്ഷണം കിട്ടാതെ റോഡിൽ അലയുന്നവർക്കും സ്നേഹനിലയം വൃദ്ധ സദനത്തിലെ അന്തേവാസികൾക്കുമാണ് പൊതിച്ചോറ് നൽകിയത്.
വരും ദിവസങ്ങളിൽ എൻ.സി.സി രണ്ട് വിഭാഗങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും പൊതിച്ചോർ സമാഹരിച്ച് നൽകും .ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി.പി. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.എസ്.സുഷമാദേവി സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ഭദ്രൻ പിള്ള , ഗ്രാമപഞ്ചായത്തംഗം അബ്ദുൽ സമദ് മല്ലയിൽ , അദ്ധ്യാപകനായ അബ്ദുൽ ഷുക്കൂർ, നൻമ വണ്ടി പ്രതിനിധികളായ ബിജു മുഹമ്മദ്, തൊടിയൂർ സന്തോഷ്, ഹാരീസ് ഹാരി , ജെ.ആർ.സി കൗൺസിലർ മഞ്ജു , സ്റ്റാഫ് സെക്രട്ടറി രാജീവ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.