കൊല്ലം: അഷ്ടമുടി കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നതിനെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർ നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇന്നലത്തെ കൊവിഡ് അവലോകന യോഗത്തിനിടെ നഗരത്തിലെ മാലിന്യ സംസ്കരണത്തിന്റെ പുരോഗതി ആരാഞ്ഞ കളക്ടർ അഷ്ടമുടിക്കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്ന മാഫിയയെക്കുറിച്ചുള്ള കേരളകൗമുദി വാർത്ത ചൂണ്ടിക്കാട്ടിയാണ് അന്വേഷണം നടത്തി നടപടിയെടുക്കാൻ ആവശ്യപ്പെട്ടത്.
മഴക്കാലമായതോടെ നിത്യേന ലോറികളിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് മണ്ണാൻതോട് വഴി അഷ്ടമുടിക്കായലിലേക്ക് ഒഴുക്കുന്നത് പതിവായിരിക്കുകയാണ്. ആശുപത്രികളിൽ നിന്ന് കക്കൂസ് മാലിന്യത്തിനൊപ്പം ബയോ മെഡിക്കൽ മാലിന്യവും കയറ്റിവിടുന്നതായി സംശയമുണ്ട്. മണ്ണാൻതോട് വഴി ഒഴുകിയെത്തുന്ന മാലിന്യം അഷ്ടമുടിക്കായിലന്റെ കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്നുള്ള ഭാഗത്താണ് കെട്ടിക്കിടക്കുന്നത്. ഇവിടെ അടുത്തകാലത്തായി സിറിഞ്ചും ശസ്ത്രക്രിയാ ഉപകരണങ്ങളും മരുന്നുകുപ്പികളും വൻതോതിൽ കുന്നുകൂടുന്നുണ്ട്.
ആറ് ലക്ഷം വെള്ളത്തിലൊഴുക്കാൻ ആലോചന
അഷ്ടമുടിക്കായലിന്റെ കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്നുള്ള ഭാഗം ആറ് ലക്ഷം രൂപ ചെലവിട്ട് ശുചീകരിക്കാൻ ആലോചനയുണ്ട്. ഇതിന് ഒരാഴ്ചയ്ക്കുള്ളിൽ അനുമതി ലഭിച്ചേക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ ടെണ്ടർ പൂർത്തിയാക്കി ശുചീകരിക്കാനാണ് നീക്കം. മുൻവർഷങ്ങളിലും ഇത്തരത്തിൽ ലക്ഷങ്ങൾ ചെലവിട്ട് കായലിന്റെ ഈ ഭാഗം ശുചീകരിച്ചിട്ടുണ്ട്. പക്ഷേ, മാസങ്ങൾക്കുള്ളിൽ പഴയ അവസ്ഥയിലാകുന്നതാണ് പതിവ്. എന്നാൽ മാലിന്യമൊഴുകി വരുന്നതും വലിച്ചെറിയുന്നതും തടയാൻ ബന്ധപ്പെട്ട വകുപ്പുകളൊന്നും തയ്യാറാകുന്നില്ല.
'' കഴിഞ്ഞ രാത്രിയും ലോറികളെത്തി കക്കൂസ് മാലിന്യം മണ്ണാൻ തോടിലൊഴുക്കി. ആദ്യലോറി 9.45നും രണ്ടാമത്തേത് പത്തരയ്ക്കുമാണ് എത്തിയത്. ലോറി വരുന്നതിന് മുമ്പ് രണ്ടുതവണ രണ്ട് ബൈക്കുകൾ സ്ഥലത്ത് റോന്തടിച്ചിരുന്നു. പൊലീസിനോടും നഗരസഭയോടും പലതവണ പരാതിപ്പെട്ടെങ്കിലും ഫലമില്ല.''
പ്രഭാരകരൻ (പ്രസിഡന്റ്, ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷൻ, ചിന്നക്കട)