navas
ചവറ- ശാസ്താംകോട്ട റോഡിൽ നെല്ലിക്കുന്നത്തുമുക്കിനു സമീപം കലുങ്കിൻ്റെ ഭാഗം ടാർ ചെയ്യാത്ത നിലയിൽ

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ കിഫ് ബി പദ്ധതിയിൽ പുരോഗമിച്ചിരുന്ന റോഡു നിർമ്മാണം നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മിച്ച റോഡുകളിൽ കലുങ്ക് നിർമ്മിക്കുന്നതിനായി ടാർ ചെയ്യാതെ ഒഴിച്ചിട്ടിരുന്നു. കലുങ്കു നിർമ്മാണം പൂർത്തിയായി ഒരു വർഷമായിട്ടും കലുങ്കിന്റെ ഭാഗം ടാർ ചെയ്യാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. കലുങ്ക് നിർമ്മിച്ച ഭാഗം ടാർ ചെയ്യാതെ റോഡിൽ നിന്ന് താഴ്ന്നു നിൽക്കുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.

അധികൃതരുടെ അനാസ്ഥയെന്ന് പരാതി

ശാസ്താംകോട്ട - ചവറ റോഡിൽ നെല്ലിക്കുന്നത്ത് മുക്ക്, കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ ഐ.സി.എസ് ജംഗ്ഷൻ, ആഞ്ഞിലിമൂട് ജംഗ്ഷൻ, ഫിൽട്ടർ ഹൗസ് ജംഗ്ഷൻ, കാരൂർക്കടവ്- പള്ളിശ്ശേരിക്കൽ റോഡിൽ കോട്ടയ്ക്കകത്ത് ജംഗ്ഷൻ, പ്ലാമൂട്ടിൽ ചന്ത, കണ്ണങ്കര ജംഗ്ഷൻ ,പതാരം - നാലുമുക്ക് റോഡിൽ എം.ഇ.എസ് സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിർമ്മിച്ച കലുങ്കുകളുടെ ഭാഗമാണ് ടാർ ചെയ്യാനുള്ളത്. നിർമ്മാണം പൂർത്തിയായിട്ടും ടാർ ചെയ്യാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി.