കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിലെ വല്ലം, കുറുമ്പാലൂർ പ്രദേശങ്ങളിൽ മൊബൈൽ നെറ്റ് വർക്കില്ല, കുട്ടികളുടെ ഓൺലൈൻ പഠനം തടസപ്പെടുന്നു. ബി.എസ്.എൻ.എൽ അടക്കം മിക്ക നെറ്റ് വർക്കുകളും ഇവിടെ പരിധിയ്ക്ക് പുറത്താണ്. അദ്ധ്യയന വർഷം തുടങ്ങിയിട്ടും ഓൺലൈൻ പഠനത്തിന് കഴിയാതെ വിദ്യാർത്ഥികൾ വിഷമിച്ചതോടെ സി.പി.എം വല്ലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി. ഏരിയ കമ്മിറ്റി അംഗം വി.പി.പ്രശാന്ത്, ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ, ഡി.വൈ.എഫ്.ഐ വില്ലേജ് പ്രസിഡന്റ് അനന്ദു എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയ്ക്ക് നിവേദനം നൽകിയത്.