ചാത്തന്നൂർ: ആദിച്ചനല്ലൂർ കൊഞ്ചിക്കടവ് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 220 ലിറ്റർ കോടയും ഹൈടെക് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് ചിലർ ആധുനിക രീതിയിൽ ചാരായം വാറ്റുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.

ഓൺലൈൻ സൈറ്റുകളിൽ കാണാറുള്ള വാറ്റുപകരണങ്ങളാണ് പിടിച്ചെടുത്തത്. പ്രദേശത്ത് നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്ന് കേസുകളിലായി 800 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും എക്സൈസ് പിടിച്ചെടുത്തിരുന്നു. ചാത്തന്നൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, സി.ഇ.ഒമാരായ ടി.ആർ. ജ്യോതി, രാഹുൽ ആർ. രാജ്, ബിനോജ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.