പത്തനാപുരം : കാട്ടാന കൂട്ടം ലക്ഷകണക്കിന് രൂപയുടെ കാർഷിക വിളകൾ നശിപ്പിച്ചു. പുന്നല കടശ്ശേരി എലപ്പക്കോട് എസ്.വി. നിവാസിൽ സോമരാജൻ, മൈല വിള സഹദേവൻ, സുജി വിലാസത്തിൽ വത്സല, എലപ്പക്കോട് രത്നാകരൻ, രാജൻ, വിജയൻ എന്നിവരുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്. എസ്.വി നിവാസിൽ സോമന്റെ മാത്രം നൂറിലധികം റബർ തൈകൾ, 200 ലധികം വാഴകൾ ,150 ലധികം കൈതകൾ എന്നിവ നശിപ്പിച്ചു. വെളുപ്പിനെ ആയിട്ടും വീട്ടുപരിസരത്തെ കൃഷിയിടത്തിൽ നിന്ന ആനകളെ പാട്ടകൊട്ടിയും മറ്റും പണിപ്പെട്ടാണ് വനത്തിലേക്ക് തുരത്തിയത്. കടശ്ശേരി ഇലപ്പക്കോട് മാത്രം നാൽപതിലധികം കുടുംബങ്ങൾ താമസമുണ്ടായിരുന്നു. വന്യമൃഗ ശല്യം കാരണം മറ്റിടങ്ങളിലേക്ക് താമസം മാറ്റുകയായിരുന്നു പലരും. നിലവിൽ ഇവിടെയുള്ള കുടുംബങ്ങളും മാറി താമസിക്കാൻ ഒരുണ്ടുകയാണ്.
.