ചാത്തന്നൂർ: കോയിപ്പാട് ഗവ. എൽ.പി സ്കൂളിൽ മുഴുവൻ കുട്ടികളെയും ഓൺലൈൻ ക്ലാസിന്റെ ഭാഗമാക്കുന്നതിനായി ആരംഭിച്ച ഐ ആം സ്മാർട്ട് പദ്ധതി ജി.എസ്. ജയലാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി എം.എൽ.എയുടേയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്കൂൾ കെയർ കമ്മിറ്റി രൂപീകരിച്ചു. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ അദ്ധ്യാപകരായ എസ്. സൈജ, നിധികൃഷ്ണ, ലേജു എന്നിവർ മുൻകൈയെടുത്ത് സ്കൂളിലെ പത്ത് കുട്ടികൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കി.
സ്കൂളിന്റെ യൂട്യൂബ് ചാനലായ നീലച്ചോക്കിന്റെ ഉദ്ഘാടനവും ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ജോയ്, വാർഡ് മെമ്പർ മഹേശ്വരി, സൈജ, നിധി, ലേജു, രാജേശ്വരി, വസന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.