തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി ഇന്ന് നടക്കും. കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശമനുസരിച്ച് ഇത്തവണയും കളി പ്രതീകാത്മകമായാണ് നടത്തുക. ഉച്ചയ്ക്ക് 12 മണിയോടെ അലങ്കരിച്ച ക്ഷേത്ര നന്ദികേശന്റെ അകമ്പടിയോടെ ഗണപതിത്തറയും പ്രധാന ആൽത്തറകളും ചുറ്റി യോദ്ധാക്കൾ അങ്കത്തിന് തുണ തേടും. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുവീതം യോദ്ധാക്കൾ വെട്ടുകണ്ടത്തിലിറങ്ങി കരപറഞ്ഞ് ഹസ്തദാനം ചെയ്ത് പിരിയുന്നതോടെ ചടങ്ങുകൾ അവസാനിക്കും.
പൊതുജനക്കൾക്ക് ഇന്നും നാളെയും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ല. ക്ഷേത്ര ഭരണസമിതി സെക്രട്ടറി കളരിയ്ക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള എന്നിവർ ഉൾപ്പെട്ട പരിമിതമായ ഭരണ സമിതി അംഗങ്ങൾ നേതൃത്വം നൽകും.